കൊറോണ ആശങ്ക; സംസ്ഥാനത്ത് പൊതുയിടങ്ങളില്‍ ആളുകള്‍ കുറയുന്നു

പതിനാല് പേർക്ക് കൊവിഡ്-19 സംസ്ഥാനത്ത് സ്ഥിരീകരിച്ചതോടെ കൊറോണക്കെതിരായ പ്രതിരോധത്തിൽ സംസ്ഥാനത്ത് ഭാഗികമായ ബന്ദിന്റെ പ്രതീതി. നിരത്തുകളിൽ വലിയ തിരക്കില്ല. യാത്രക്കാരുടെ എണ്ണവും കുറവാണ്. ആളുകൾ കൂടുന്ന പരിപാടികൾക്ക് നിയന്ത്രണം വന്നതോടെ ചടങ്ങുകൾ പലതും റദ്ദാക്കി. തിരുവനന്തപുരത്ത് സെക്രട്ടറിയറ്റ് പടിക്കലിലെ സമരപ്പന്തലുകളും വിജനമായി. സെക്രട്ടറിയറ്റിന് മുന്നിലെ ഷഹീൻ ബാഗ് സമരവും കൊറോണ ഭീതിയിൽ നിർത്തിയിരിക്കുകയാണ്. മിക്ക മലയാളികളും കൊറോണയെ പ്രതിരോധിക്കാൻ ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ അക്ഷരംപ്രതി അനുസരിക്കുകയാണ്. നിരത്തുകളിൽ പഴയ തിരക്കില്ല. ആൾകൂട്ടങ്ങളെയും കാണുന്നത് കുറവ്. സിനിമാശാലകളും വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചതോടെ പലരും വീട്ടിലിരിപ്പായി.
Read Also: കൊവിഡ് 19 : കണ്ണൂർ വിമാനത്താവളത്തിൽ ആരോഗ്യവകുപ്പിന്റെ പരിശോധന കർശനമാക്കാൻ തീരുമാനം
കച്ചവട കേന്ദ്രങ്ങളിലൊക്കെ മാന്ദ്യമാണെങ്കിലും വിലക്കുറവില്ല. സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ എണ്ണവും കുറഞ്ഞു. വഴിയോര വാണിഭക്കാർക്കും നടന്നുകൊണ്ട് വിൽപന നടത്തുന്ന ചില്ലറ വിൽപനക്കാർക്കും കൊറോണ ഭീതി തിരിച്ചടിയായിരിക്കുകയാണ്. ആരാധനാലയങ്ങളിൽ ആഘോഷങ്ങൾ കുറച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ പാളയം പള്ളിയിൽ തിരുനാളിനോടനുബന്ധിച്ചുള്ള പ്രദക്ഷിണം റദ്ദാക്കി. നിരത്തുകളിൽ സ്വകാര്യ വാഹനങ്ങളുടെ എണ്ണം കുറഞ്ഞു. പ്രധാന ഷോപ്പിംഗ് മാളുകളിലും പതിവ് തിരക്കില്ല.
കൂടുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. തിരുവനന്തപുരത്ത് കോടതി നടപടികൾക്ക് നിയന്ത്രണമേർപ്പെടുത്തി. വിനോദ സഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണമുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളായ പൊന്മുടി, നെയ്യാർ ഡാം, എന്നിവ അടച്ചു.വിഴിഞ്ഞം ലൈറ്റ് ഹൗസിൽ സന്ദർശകരെ നിരോധിച്ചു.മലമ്പുഴ ഡാം നാളെ മുതൽ അടച്ചിടും. സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ, വനാതിർത്തി പങ്കിടുന്നതും സഞ്ചാരികൾ എത്തുന്നതുമായ എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും സന്ദർശകരെ നിരോധിച്ചു. ആവശ്യമെങ്കിൽ തിരുവനന്തപുരംമൃഗശാലയും, മ്യൂസിയവും അടച്ചിടാൻ നിർദ്ദേശം നൽകുമെന്ന് കളക്ടർ കെ.ഗോപാലകൃഷ്ണൻ പറഞ്ഞു.
corona, kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here