കൊവിഡ് 19 : കണ്ണൂർ വിമാനത്താവളത്തിൽ ആരോഗ്യവകുപ്പിന്റെ പരിശോധന കർശനമാക്കാൻ തീരുമാനം

കൊവിഡ് 19 രോഗബാധയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മാർഗ നിർദേശങ്ങളുമായി കണ്ണൂർ ജില്ലാ ഭരണകൂടം. മാസ്‌കിന് അമിത വില ഈടാക്കുന്നത് തടയാൻ റെയ്ഡ് നടത്താൻ സബ്കളക്ടമാർക്ക് നിർദ്ദേശം നൽകി. കണ്ണൂർ വിമാനത്താവളത്തിൽ ആരോഗ്യവകുപ്പിന്റെ പരിശോധന കർശനമാക്കാനും തീരുമാനിച്ചു.

കോവിഡ് 19 രോഗഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിൽ ആളുകൾ ഒരുമിച്ചുകൂടുന്ന മതരാഷ്ട്രീയസംഘടനാ പരിപാടികളും ആഘോഷങ്ങളും പൂർണമായും ഒഴിവാക്കാനാണ് തീരുമാനം. കണ്ണൂർ ജില്ലാ ഭരണകൂടം വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനമെടുത്തത്.

ഉത്സവങ്ങൾ, ഉറൂസുകൾ തുടങ്ങിയ പരിപാടികൾ ചടങ്ങ് മാത്രമാക്കി നടത്തും. കുർബാനകൾ, മതപ്രഭാഷണങ്ങൾ, മത ക്ലാസുകൾ എന്നിവ മാർച്ച് 31 വരെ നിർത്തിവെക്കും. മാർച്ച് 31 വരെ ഉച്ചഭാഷിണികൾക്ക് അനുമതി നൽകില്ല. മാസ്‌കിന് അമിത വില ഈടാക്കുന്നതും പൂഴ്ത്തിവെപ്പും കണ്ടെത്താൻ റെയ്ഡിന് സബ്കലക്ടമാർക്ക് ജില്ലാ കലക്ടർ നിർദ്ദേശവും നൽകി. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് ഷിഫ്റ്റുകളിലായി മുന്നു ആരോഗ്യവകുപ്പ് സംഘം മുഴുവൻ യാത്രക്കാരെയും പരിശോധിക്കുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ ശുചിത്വം ഉറപ്പ് വരുത്താനും അവരുടെ ഭാഷയിൽ തന്നെ ബോധവൽക്കരണം നൽകാനും ജില്ലാ കളക്ടർ നിർദേശിച്ചു.

പക്ഷിപ്പനിയുടെ സാഹചര്യത്തിൽ മാർച്ച് 31 വരെ ജില്ലയിലേക്കുള്ള പക്ഷികളുടെ ഇറക്കുമതിയും നിരോധിച്ചു. വിവിധ മതരാഷ്ട്രീയസംഘടനാ നേതാക്കളും യോഗത്തിൽ പങ്കെടുത്തു.

Story Highlights- corona virus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top