രാജ്യം കത്തിയപ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയെ പോലെയാണ് നരേന്ദ്ര മോദി : അധിര്‍ രഞ്ജന്‍ ചൗധരി

രാജ്യം കത്തിയപ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയെ പോലെയാണ് പ്രധാനമന്ത്രി ഡല്‍ഹി കലാപ സമയത്ത് പെരുമാറിയതെന്ന് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. കലാപ സമയത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ എന്ത് ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു. അധിര്‍ രഞ്ജന്‍ ചൗധരിയാണ് ലോക്‌സഭയില്‍ ഡല്‍ഹി കലാപം ചര്‍ച്ച ചെയ്യുന്നത് തുടക്കമിട്ടത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഗുരുതര വീഴ്ച്ച സംഭവിച്ചു. ഡല്‍ഹിയില്‍ തോറ്റത് മനുഷ്യത്വമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കപില്‍ മിശ്രയെയും അനുരാഗ് ഠാക്കൂറിനേയു കുറ്റം പറയുന്നവര്‍ എന്തുകൊണ്ട് ഷര്‍ജില്‍ ഇമാം, അമാനത്തുള്ള ഖാന്‍ എന്നിവരുടെ പരാമര്‍ശങ്ങള്‍ ഉന്നയിക്കുന്നില്ലെന്ന് ബിജെപി എംപി മീനാക്ഷി ലേഖി ചോദിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ സന്ദര്‍ശന വേളയില്‍ ഉണ്ടായ കലാപം ലോകത്തിന് മുന്നില്‍ രാജ്യം തലകുനിക്കാന്‍ ഇടയാക്കിയെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു.
നടപടി എടുക്കാത്ത രഹസ്യാന്വേഷണ ഏജന്‍സികള്‍ എന്തിനാണെന്ന് ശിവസേന എം പി വിനായക് റാവത്ത് ചോദിച്ചു. രാവിലെ പാര്‍ലമെന്റ് ആരംഭിച്ചപ്പോള്‍ തന്നെ ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം അലയടിച്ചു. ഡല്‍ഹി കലാപവും, ചാനല്‍ വിലക്കും ഉടനടി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. രാജ്യസഭ നാളെയാണ് ഡല്‍ഹി കലാപം ചര്‍ച്ച ചെയ്യുന്നത്.
Story Highlights- Modi, Nero Emperor, Adhir Ranjan Chowdhury
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here