കൊറോണ; യൂറോപ്പിൽ നിന്നുള്ള യാത്രകൾ താത്കാലികമായി നിർത്തിവച്ച് അമേരിക്ക

യൂറോപ്പിൽ നിന്ന് എല്ലാ തരത്തിലുമുള്ള യാത്രകൾ 30 ദിവസത്തേക്ക് നിർത്തിവച്ച് അമേരിക്ക. ബ്രിട്ടന് മാത്രമാണ് നിയന്ത്രണത്തിൽ ഇളവ്. കൊറോണ വൈറസ് വ്യാപനം ചെറുക്കുന്നതിനാണ് നിയന്ത്രണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. വെളളിയാഴ്ച അർധരാത്രി മുതൽ ഇത് പ്രാബല്യത്തിൽ വരും. പുതിയ കൊവിഡ്-19 കേസുകൾ അമേരിക്കയിലുണ്ടാകുന്നത് തടയാനാണിത്. കൊവിഡ്-19 ആരംഭിച്ച ചൈനയിൽ നിന്നുളള യാത്ര ഒഴിവാക്കാൻ സർക്കാരുകൾ പരാജയപ്പെട്ടതാണ് യൂറോപ്പിൽ രോഗം വ്യാപിക്കാൻ ഇടയാക്കിയതെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസ്താവനയിൽ ട്രംപ് വ്യക്തമാക്കി.
Read Also: കനേഡിയൻ പ്രധാന മന്ത്രിയും കൊറോണ നിരീക്ഷണത്തില്‍; ഭാര്യയ്ക്ക് കൊവിഡ്- 19
വൈറസ് വ്യാപനം ചെറുക്കാനുള്ള നിയന്ത്രണങ്ങളിൽ പ്രതിസന്ധി നേരിടുന്ന ചെറുകിട- ഇടത്തരം സംരംഭങ്ങൾക്കായി നികുതി ഇളവുകളും വായ്പാ സൗകര്യവും ഏർപ്പെടുത്തുമെന്നും ട്രംപ് അറിയിച്ചു. യാത്രാവിലക്ക് പ്രഖ്യാപനത്തിന് തൊട്ടുമുൻപ് അമേരിക്കയിലെയും ലോകത്തെയും ജീവനുകൾ സംരക്ഷിക്കാനായി കൊറോണ വൈറസ് തടയുന്നതിനും കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും ഒപ്പം അതിനു മരുന്ന് കണ്ടെത്തുന്നതിനും അമേരിക്ക നയം രൂപീകരിക്കുമെന്ന് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ‘ലോകത്തിന്റെ ശത്രു’ എന്ന് കൊറോണ വൈറസിനെ ട്രംപ് വിശേഷിപ്പിച്ച മറ്റൊരു ട്വീറ്റിൽ ഐക്യത്തിന്റെ സമയമായി ഇതിനെ മാധ്യമങ്ങൾ കാണണമെന്നും പറയുന്നു. കൊറോണ വൈറസ് വ്യാപനത്തെ മഹാമാരിയെന്ന് ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചതിന് പിന്നാലെയാണ് കടുത്ത നടപടികളിലേക്ക് അമേരിക്ക നീങ്ങിയത്.
coronavirus, america, europe
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here