കൊവിഡ് 19 ; ജാഗ്രതാ നിര്‍ദേശം ലംഘിച്ച് തൃശൂരില്‍ സിഐടിയു യോഗം

സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിപ്പിച്ച കൊവിഡ് 19 ജാഗ്രതാ നിര്‍ദേശം ലംഘിച്ച് തൃശൂരില്‍ സിഐടിയു യോഗം. സാഹിത്യ അക്കാദമി ഹാളില്‍ നടന്ന യോഗത്തില്‍ നൂറിലധികം പേര്‍ പങ്കെടുത്തു. ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിച്ചാണ് യോഗമെന്നാണ് സിഐടിയു ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം. എന്നാല്‍ കളക്ടറുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് പിന്നീട് യോഗം നിര്‍ത്തിവച്ചു.
കൊവിഡ് 19 ബാധയേ തുടര്‍ന്ന് സംസ്ഥാനത്ത് പ്രഖ്യാപിച്ച കനത്ത ജാഗ്രതയുടെ ഭാഗമായാണ്
പൊതുപരിപാടികള്‍ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിച്ചത്. ഈ നിര്‍ദേശങ്ങള്‍ പൂര്‍ണമായും ലംഘിച്ചാണ് സിഐടിയു തൃശൂര്‍ ജില്ലാ ജനറല്‍ കൗണ്‍സില്‍ യോഗം സാഹിത്യ അക്കാദമി ഹാളില്‍ നടന്നത്. യോഗം നിര്‍ത്തിവെക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടും വൈകിയാണ് സിഐ ടിയു യോഗം നിര്‍ത്തിയത്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് യോഗം നടത്തരുതെന്ന് നേരത്തെ നേതാക്കളോട് നിര്‍ദേശിച്ചിരുന്നതായും അക്കാദമി ഹാള്‍ പൂട്ടിയിടാന്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായും ജില്ലാ കളക്ടര്‍ എസ് ഷാനാവാസ് പറഞ്ഞു. അതേസമയം, വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നവശ്യപ്പെട്ട് കളക്ടര്‍ക്കും പൊലീസ് മേധാവിക്കും പരാതി നല്‍കി ബിജെപിയും രംഗത്തെത്തി.
Story Highlights- Covid 19, CITU meeting in Thrissur, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here