കൊവിഡ് 19: ഇന്ത്യ ഉള്‍പ്പെടെ 39 രാജ്യങ്ങളിലേക്കുള്ള യാത്ര സൗദി വിലക്കി

കൊവിഡ് 19 ഭീതിയില്‍ ഇന്ത്യ ഉള്‍പ്പെടെ 39 രാജ്യങ്ങളിലേക്കുള്ള യാത്ര സൗദി അറേബ്യ വിലക്കി. വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിലക്ക് ബാധകമാണ്. സൗദി പൌരന്‍മാര്‍ക്കും സൗദി വിസ ഉള്ളവര്‍ക്കും സൗദിയിലേക്ക് മടങ്ങാന്‍ 72 മണിക്കൂര്‍ സമയം അനുവദിച്ചു.
കൊവിഡ് 19 ജാഗ്രതാ നടപടികളുടെ ഭാഗമായാണ് 39 രാജ്യങ്ങളിലേക്കുള്ള യാത്ര സൗദി താത്കാലികമായി വിലക്കിയത്. ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, സുഡാന്‍, എത്യോപ്യ, സൗത്ത് സുഡാന്‍, എറിത്രിയ, കെനിയ, ജിബൂത്തി, സൊമാലിയ, സ്വിറ്റ്സര്‍ലാണ്ട്, യൂറോപ്യന്‍ യൂണ്യന്‍ തുടങ്ങിയ രാജ്യങ്ങള്‍ പട്ടികയിലുണ്ട്. ഈ രാജ്യങ്ങളിലേക്ക് യാത്രാ ചെയ്യാനോ ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദിയിലേക്ക് വരാനോ അനുമതി നല്‍കില്ല. 14 ദിവസങ്ങള്‍ക്കിടയില്‍ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും സൗദി സന്ദര്‍ശിക്കാന്‍ സാധിക്കില്ല. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇത് ബാധകമാണ്.
എന്നാല്‍ നിലവില്‍ ഈ രാജ്യങ്ങളില്‍ ഉള്ള സൗദികള്‍ക്കും സൗദി വിസയുള്ള വിദേശികള്‍ക്കും സൗദിയിലേക്ക് മടങ്ങാന്‍ 72 മണിക്കൂര്‍ സമയം അനുവദിക്കും. ഇന്ത്യ, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യ വിദഗ്ധര്‍ക്കും, ചരക്ക് സര്‍വീസുകള്‍ക്കും വിലക്ക് ബാധകമല്ല. ജി.സി.സി ഉള്‍പ്പെടെ 14 രാജ്യങ്ങളിലേക്കുള്ള യാത്ര സൗദി നേരത്തെ വിലക്കിയിരുന്നു. ജോര്‍ദാന്‍ അതിര്‍ത്തി വഴി റോഡ് മാര്‍ഗം യാത്ര ചെയ്യുന്നതിനും സൗദി വിലക്കേര്‍പ്പെടുത്തി.
Story Highlights: covid 19 Saudi Arabia has banned travel to 39 countries, including India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here