കൊവിഡ് 19: നമ്മള്‍ അതിജീവിക്കും; സംസ്ഥാനത്ത് പുതിയ പോസിറ്റീവ് കേസുകളില്ല

നീണ്ട ആശങ്കകള്‍ക്ക് പിന്നാലെ കൊവിഡ് 19 വൈറസ് ബാധയില്‍ സംസ്ഥാനത്തിന് അല്‍പം ആശ്വാസം. പുതിയ കൊവിഡ് 19 കേസുകളൊന്നും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്ത് നിലവില്‍ 14 പേര്‍ക്കാണ് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
വിവിധ ജില്ലകളിലായി 3313 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 3020 പേര്‍ വീടുകളിലും 293 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 1179 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 889 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. 213 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
കോട്ടയത്ത് നിരീക്ഷണത്തില്‍ കഴിയുന്ന ഏഴുപേര്‍ക്കും പത്തനംതിട്ടയില്‍ 10 പേര്‍ക്കും വൈറസ് ബാധയില്ലെന്ന് കണ്ടെത്തി. കോട്ടയത്ത് നിന്ന് ഇതുവരെ പരിശോധനയ്ക്ക് അയച്ചത് 54 സാമ്പിളുകളാണ്. കൊറോണ സ്ഥിരീകരിച്ച് കളമശേരി മെഡിക്കല്‍ കോളജില്‍ കഴിയുന്ന മൂന്നുവയസുകാരന്റെയും മാതാപിതാക്കളുടെയും നില തൃപ്തികരമാണ്.
പത്തനംതിട്ടയില്‍ ഇന്നലെ ഫലം ലഭിച്ച 10 പേര്‍ക്കും കൊവിഡ് വൈറസ് ബാധയില്ല. ഇവരില്‍ എട്ട് പേര്‍ ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികളുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായിരുന്നവരാണ്. കോട്ടയം കുമരകം ചെങ്ങളത്ത് കൊവിഡ് 19 രോഗബാധിതരായ ദമ്പതികളുടെ നാലര വയസുള്ള മകള്‍ക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചു. റാന്നി സ്വദേശികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ പുനലൂരിലെ ഏഴ് പേരില്‍ ഫലം വന്ന അഞ്ച് പേര്‍ക്കും രോഗമില്ല. രണ്ടുപേരുടെ ഫലം വരാനുണ്ട്.
Story Highlights: coronavirus, Covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here