Advertisement

മഹാത്മാഗാന്ധി നയിച്ച ദണ്ഡി യാത്രയ്ക്ക് ഇന്ന് 90 വയസ്

March 12, 2020
Google News 2 minutes Read

രാഷ്ട്രപിതാവ് മഹാത്മാഗാന്ധി നയിച്ച ദണ്ഡി യാത്രയ്ക്ക് ഇന്ന് 90 വയസ്. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ പ്രൗഢ ഗംഭീരമായ പോരാട്ടത്തിനാണ് ദണ്ഡിയാത്രയോടെ തുടക്കമായത്.

1930 മാർച്ച് 12 ന് സബർമതി ആശ്രമത്തിൽ നിന്ന് ആരംഭിച്ച സത്യാഗ്രഹ യാത്ര 24 ദിവസങ്ങൾക്കു ശേഷമാണ് നവസാരിയിലെ ദണ്ഡി കടപ്പുറത്തെത്തിയത്. ഉപ്പു കുറുക്കി ഗാന്ധിജി ഉപ്പിന്റെ വിൽപ്പനയിൽ ബ്രിട്ടീഷ് സർക്കാർ ഏർപ്പെടുത്തിയ വാണിജ്യ ആധിപത്യത്തെ വെല്ലുവിളിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പൂർണ സ്വരാജ് പ്രഖ്യാപിച്ചതിനു ശേഷം നടന്ന ആദ്യ പ്രഖ്യാപിത സമരമായിരുന്നു ഇത്.  രാജ്യത്ത് വലിയ അലയൊലികളുണ്ടാക്കാൻ ഈ സമരത്തിന് കഴിഞ്ഞു.

രാജ്യത്തെ കടപ്പുറങ്ങളിൽ എല്ലാം സ്വാതന്ത്രസമര സേനാനികൾ ഉപ്പു കുറുക്കി അറസ്റ്റിലായി. ഗാന്ധിയെയും ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഇതോടെ ആഗോള ശ്രദ്ധ നേടിയ ഉപ്പു സത്യാഗ്രഹം കൂടുതൽ കരുത്താർജിച്ചു. ഉപ്പു സത്യാഗ്രഹത്തിന്റെ ജനപ്രീതി, ധാരാളം സാധാരണക്കാരായ ജനങ്ങളെ ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിലേക്ക് ആകർഷിച്ചു. ഒരു വർഷക്കാലം നീണ്ടു നിന്ന സമരമായിരുന്നു ഇത്.

ദണ്ഡി യാത്ര

ബ്രിട്ടീഷ് ഇന്ത്യയിൽ ഉപ്പ് നിർമാണത്തിന് നികുതി ചുമത്തിയതിൽ പ്രതിഷേധിച്ച് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ 1930 മാർച്ച് 12ന് -ന് ആരംഭിച്ച അക്രമ രഹിത സത്യാഗ്രഹമാണ് ഉപ്പു സത്യാഗ്രഹം എന്നറിയപ്പെടുന്നത്. മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ ദണ്ഡിയിലേക്ക് നടത്തിയ യാത്രയോടെയാണ് ഇതാരംഭിച്ചത്. സത്യാഗ്രഹത്തിന്റെ ഭാഗമായി ഗാന്ധിജിയും 78 സന്നദ്ധപ്രവർത്തകരും, സബർമതി ആശ്രമത്തിൽ നിന്നും 390 കിലോമീറ്റർ അകലെയുള്ള ദണ്ഡി എന്ന തീരപ്രദേശത്തേക്ക് കാൽനടയായി യാത്രയാരംഭിച്ചു.

ധാരാളം സന്നദ്ധപ്രവർത്തകരും, ജാഥയിൽ അണി ചേർന്നു. സരോജിനി നായിഡുവിനെപ്പോലുള്ളവരുടെ പങ്ക് ജാഥയ്ക്ക കൂടുതൽ ഊർജം പകർന്നു. ഉപ്പിന് മേലുള്ള നികുതിയ്ക്ക് എതിരെയുള്ള യത്രയെക്കുറിച്ച് ലോകമെമ്പാടുമുള്ള പത്രങ്ങളിൽ ധാരാളം വാർത്തകൾ ഇടതോരാതെ വന്നു. ന്യൂയോർക്ക് ടൈംസ് എല്ലാ ദിവസവും ജാഥയെക്കുറിച്ചെഴുതി. കയ്യൂക്കിനെതിരേയുള്ള ഈ സമരത്തിൽ എനിക്ക് ലോകത്തിന്റെ അനുകമ്പ ആവശ്യമുണ്ടെന്ന് ഗാന്ധി യാത്രക്കിടെ പറയുകയുണ്ടായി.

ഏപ്രിൽ 5 ന് ജാഥ ദണ്ഡി കടപ്പുറത്തെത്തിച്ചേർന്നു. ‘ഇതുകൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടിത്തറ ഞാൻ കുലുക്കും’ എന്ന് ഒരു കൈ നിറയെ ചെളി കലർന്ന മണ്ണ് കൈയ്യിലെടുത്തുകൊണ്ട് ഗാന്ധി പറയുകയുണ്ടായി.

ദണ്ഡിയിലെ അലയൊലികൾ കേരളത്തിലെ പയ്യന്നൂർ കടപ്പുറത്തും പ്രതിഫലിച്ചു. 1930 ഏപ്രിൽ 13ന് കേളപ്പന്റെ നേതൃത്വത്തിൽ കോഴിക്കോട്ടു നിന്ന് ആരംഭിച്ച യാത്ര ഏപ്രിൽ 23ന് പയ്യന്നൂർ കടപ്പുറത്തെത്തി ഉപ്പു കുറുക്കൽ ആരംഭിച്ചു. തുടർന്ന് 1930 ജൂൺ 8ന് സമസ്ത കേരള ഉപ്പു ദിനം മലബാറിന്റെ വിവിധ ഭാഗങ്ങളിൽ കൊണ്ടാടി. സത്യാഗ്രഹത്തിന്റെ പ്രത്യാഖ്യാതമെന്നോണം 1931 ൽ ഗാന്ധി- ഇർവിൻ സന്ധിയിലെ വ്യവസ്ഥകൾ അനുസരിച്ച് ഉപ്പുണ്ടാക്കാനുള്ള അധികാരം ജനങ്ങൾക്ക് ലഭിച്ചു.

അബ്ദുറഹിമാൻ സാഹിബ്, പി കൃഷ്ണ പിള്ള തുടങ്ങിയ നിരവധി സ്വാതന്ത്ര്യസമര പോരാളികൾ ഉപ്പു കുറുക്കിയതിനെ തുടർന്ന് അറസ്റ്റ് വരിച്ചു. അഹിംസാത്മകമായി നടന്ന ഉപ്പു സത്യാഗ്രഹവും ദണ്ഡിയാത്രയും ഇന്ത്യൻ സ്വാതന്ത്രസമരത്തിന്റെ ജ്വലിക്കുന്ന ഓർമയായി എന്നും നിലനിൽക്കുമെന്ന് തന്നെയാണ് കഴിഞ്ഞ ഒൻപത് പതിറ്റാണ്ടുകൾ സാക്ഷ്യപ്പെടുത്തുന്നത്.

Story highlight: Dandi Yatra,  Mahatma Gandhi, 90 years,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here