മലയാളത്തിലെ ആദ്യ വനിതാ നിര്‍മാതാവ് ആരിഫ ഹസന്‍ അന്തരിച്ചു

മലയാള സിനിമയിലെ ആദ്യ വനിതാ നിര്‍മാതാവ് ആരിഫ ഹസന്‍ (76) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
ആരിഫ എന്റര്‍പ്രൈസസിന്റെ ബാനറില്‍ 26 സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. സംവിധായകനും നിര്‍മാതാവുമായിരുന്ന ഹസനായിരുന്നു ഭര്‍ത്താവ്. പെരിയാര്‍, ചഞ്ചല, ടൂറിസ്റ്റ്ബംഗ്ലാവ്, അഷ്ടമിരോഹിണി, വനദേവത, കാമധേനു, അമ്മായിയമ്മ, സൊസൈറ്റി ലേഡി, ചക്രായുധം, അവള്‍ നിരപരാധി, സ്‌നേഹബന്ധം, ബെന്‍സ് വാസു, മൂര്‍ഖന്‍, കാഹളം, ഭീമന്‍, തടാകം, അനുരാഗ കോടതി, അസുരന്‍, ജനകീയ കോടതി, രക്ഷസ്, രാധയുടെ കാമുകന്‍, നേതാവ്, അഷ്ടബന്ധനം, ശുദ്ധമദ്ദളം, സാമ്രാജ്യം, തമിഴ് സിനിമ നാംഗിള്‍ എന്നിവയാണ് ആരിഫ നിര്‍മിച്ച ചിത്രങ്ങള്‍.
നാടക നടനായിരുന്ന തിലകന് പെരിയാര്‍ എന്ന സിനിമയിലൂടെ അവസരം നല്‍കിയത് ആരിഫയായിരുന്നു. പി ജെ ആന്റണിയായിരുന്നു പെരിയാറിന്റെ സംവിധായകന്‍. ടൂറിസ്റ്റ് ബംഗ്ലാവ് എന്ന ചിത്രത്തിന് വേണ്ടി സുജാതയെ ആദ്യമായി പിന്നണി പാടിച്ചതും ആരിഫയായിരുന്നു. ആരിഫ നിര്‍മിച്ച മൂര്‍ഖന്‍ എന്ന സിനിമയിലൂടെയാണ് ജോഷി സംവിധായകനായി വരവറിയിച്ചത്. ഭീമന്‍ രഘുവിന് സിനിമയില്‍ അവസരം നല്‍കിയതും ആരിഫയായിരുന്നു.
Story Highlights- First woman producer, Arifa Hasan has passed away, obit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here