വീസ നിയന്ത്രണം: ഐപിഎല്ലിൽ ഏപ്രിൽ 15 വരെ വിദേശ താരങ്ങൾ ഉണ്ടാവില്ലെന്ന് റിപ്പോർട്ട്

ഐപിഎല്ലിൽ ഏപ്രിൽ 15 വരെ വിദേശ താരങ്ങൾ ഉണ്ടാവില്ലെന്ന് റിപ്പോർട്ട്. കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വീസ നിയന്ത്രണങ്ങളെ തുടർന്നാണ് വിദേശ കളിക്കാർ ആദ്യ രണ്ടാഴ്ച ഐപിഎല്ലിൽ കളിക്കില്ലെന്ന റിപ്പോർട്ടുകൾ വരുന്നത്. കൊവിഡ് 19ൻ്റെ പശ്ചാത്തലത്തിൽ ഐപിഎൽ മാറ്റിവെക്കുകയോ അടച്ച സ്റ്റേഡിയത്തിൽ നടത്തുകയോ ചെയ്യണമെന്ന നിർദ്ദേശങ്ങൾക്കിടെയാണ് പുതിയ റിപ്പോർട്ട്.
നേരത്തെ, ഐപിഎൽ മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തണമെന്ന് മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് തോപെ ബിസിസിഐയോട് നിർദ്ദേശിച്ചിരുന്നു. ഒന്നുകിൽ ഐപിഎൽ മാറ്റിവക്കണമെന്നും അല്ലെങ്കിൽ അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടത്തണമെന്നും അദ്ദേഹം ബിസിസിഐയെ അറിയിച്ചു. മഹാരാഷ്ട്രയിൽ ഐപിഎൽ മത്സരങ്ങളുടെ ടിക്കറ്റ് വില്പന ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം, ഈ വിഷയത്തിൽ ബിസിസിഐ മാർച്ച് 14 ശനിയാഴ്ച തീരുമാനം എടുക്കുമെന്ന് സൂചനയുണ്ട്. ശനിയാഴ്ച നടക്കുന്ന ഗവേണിംഗ് ബോഡി മീറ്റിംഗിൽ ഐപിഎൽ മത്സരങ്ങൾ എങ്ങനെ നടത്തണം എന്നതിനെപ്പറ്റി കൃത്യമായ തീരുമാനം ഉണ്ടാവും. സാഹചര്യങ്ങൾ പഠിക്കുകയാണെന്നും ഉടൻ വിഷയത്തിൽ തീരുമാനം എടുക്കുമെന്നും ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ പറഞ്ഞു.
മാർച്ച് 29നാണ് ഐപിഎൽ ആരംഭിക്കുക. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും റണ്ണേഴ്സ് അപ്പായ ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. മെയ് 24ന് ഫൈനൽ മത്സരം നടക്കും.
Story Highlights: Foreign Players Not Available For IPL 2020 Till April 15 Due To Visa Restrictions
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here