Advertisement

യുവന്റസ് താരത്തിന് കൊവിഡ് 19: ക്രിസ്ത്യാനോ ഉൾപ്പെടെയുള്ള സഹതാരങ്ങൾ നിരീക്ഷണത്തിൽ

March 12, 2020
Google News 1 minute Read

സീരി എ ക്ലബ് യുവൻ്റസിൽ കളിക്കുന്ന ഡാനിയേല റുഗാനിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. യുവൻ്റസിൽ കളിക്കുന്ന പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോ ഉൾപ്പെടെയുള്ള റുഗാനിയുടെ സഹതാരങ്ങൾ നിരീക്ഷണത്തിലാണ്. റുഗാനിയെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിരിക്കുകയാണ്. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇറ്റലിയിലെ കായിക മത്സരങ്ങൾ ഏപ്രിൽ 3 വരെ നിർത്തിവച്ചിരിക്കുകയാണ്.

സീരി എയിൽ ആദ്യമായാണ് ഒരു താരത്തിന് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. താരം ഇതുവരെ രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിട്ടില്ലെന്ന് ക്ലബ് അധികൃതർ അറിയിച്ചു. എങ്കിലും സുരക്ഷ മുൻനിർത്തി താരത്തെ ഐസൊലേറ്റ് ചെയ്യുകയാണെന്ന് ക്ലബ് അറിയിച്ചു. താൻ സുഖമായി ഇരിക്കുകയാണെന്ന് റുഗാനി ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അടച്ചിട്ട സ്റ്റേഡിയത്തിൽ ഇൻ്റർമിലാനെതിരെ നടന്ന മത്സര വിജയത്തിനു ശേഷം യുവൻ്റസ് കളിക്കാരും പരിശീലകരും സപ്പോർട്ടിംഗ് സ്റ്റാഫുകളുമടങ്ങുന്നവരുമായുള്ള വിജയാഘോഷത്തിൽ റുഗാനി പങ്കെടുത്തിരുന്നു. അതുകൊണ്ട് തന്നെ ഇവരെല്ലാവരും നിരീക്ഷണത്തിലാണ്.

കൊവിഡ് 19 ബാധിച്ച ഒളിമ്പിയാക്കോസ് ഉടമ ഇവാന്‍കാസ് മാരിനിക്കോസുമായി ഇടപഴകിയ ഇംഗ്ലീഷ് ക്ലബ് ആഴ്സണൽ താരങ്ങൾ ഐസൊലേഷനിലാണ്. 8 താരങ്ങളാണ് സ്വയം ഐസൊലേഷനിൽ കഴിയുന്നത്. ഫെബ്രുവരി 27ന് ഒളിമ്പിയാക്കോസുമായി നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിലാണ് ആഴ്സണൽ താരങ്ങൾ ഇവാന്‍കാസുമായി അടുത്ത് ഇടപഴകിയത്. ഇതിനു ശേഷം എഫ്എ കപ്പിൽ പോർട്സ്മൗത്തിനെയും പ്രീമിയർ ലീഗിൽ വെസ്റ്റ്ഹാമിനെയും ആഴ്സണൽ നേരിട്ടിരുന്നു. ഈ ടീമുകളിലെ താരങ്ങൾ നിരീക്ഷണത്തിലാണ്.

കൊറോണ ബാധയെ തുടർന്ന് ഇറ്റലിയിലെ എല്ലാ കായിക മത്സരങ്ങളും ഒരു മാസത്തേക്ക് നിർത്തി വെക്കാൻ ഇറ്റാലിയൻ ഭരണകൂടം തീരുമാനിച്ചിരുന്നു. അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താം എന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, പിന്നീട് മത്സരങ്ങൾ മാറ്റിവെക്കാൻ തീരുമാനിക്കുകയായിരുന്നു. ഏപ്രിൽ മൂന്നിനകം സ്ഥിതിഗതികൾ നിയന്ത്രണവിധേയമായില്ലെങ്കിൽ ലീഗ് റദ്ദാക്കുന്നതും പരിഗണനയിലുണ്ട്.

Story Highlights: Juventus defender tests covid 19 positive

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here