കൊവിഡ് 19: ഐപിഎൽ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തണമെന്ന് നിർദ്ദേശം; തീരുമാനം ശനിയാഴ്ച

ലോക വ്യാപകമായി കൊവിഡ് 19 വ്യാപിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ ഐപിഎൽ മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തണമെന്ന് നിർദ്ദേശം. മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് തോപെയാണ് ബിസിസിഐയോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ഒന്നുകിൽ ഐപിഎൽ മാറ്റിവക്കണമെന്നും അല്ലെങ്കിൽ അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടത്തണമെന്നും അദ്ദേഹം ബിസിസിഐയെ അറിയിച്ചു. മഹാരാഷ്ട്രയിൽ ഐപിഎൽ മത്സരങ്ങളുടെ ടിക്കറ്റ് വില്പന ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം, ഈ വിഷയത്തിൽ ബിസിസിഐ മാർച്ച് 14 ശനിയാഴ്ച തീരുമാനം എടുക്കുമെന്ന് സൂചനയുണ്ട്. ശനിയാഴ്ച നടക്കുന്ന ഗവേണിംഗ് ബോഡി മീറ്റിംഗിൽ ഐപിഎൽ മത്സരങ്ങൾ എങ്ങനെ നടത്തണം എന്നതിനെപ്പറ്റി കൃത്യമായ തീരുമാനം ഉണ്ടാവും. സാഹചര്യങ്ങൾ പഠിക്കുകയാണെന്നും ഉടൻ വിഷയത്തിൽ തീരുമാനം എടുക്കുമെന്നും ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ പറഞ്ഞു.
നേരത്തെ, ഐപിഎൽ മാറ്റിവെക്കില്ലെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി പറഞ്ഞിരുന്നു. നിശ്ചയിച്ച പ്രകാരം തന്നെ ഐപിഎൽ നടക്കുമെന്നും ബിസിസിഐ വേണ്ട മുൻകരുതൽ എടുക്കുമെന്നും ഗാംഗുലി കൂട്ടിച്ചേർത്തു. ഐപിഎല്ലുമായി ബന്ധപ്പെട്ട കളിക്കാരും കാണികളും അടങ്ങുന്ന എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുമെന്ന് ബിസിസിഐ പറഞ്ഞു. കൊറോണയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നൽകിയ നിർദ്ദേശങ്ങൾ എല്ലാം പാലിക്കുമെന്നും ബിസിസിഐ അറിയിച്ചു.
മാർച്ച് 29നാണ് ഐപിഎൽ ആരംഭിക്കുക. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും റണ്ണേഴ്സ് അപ്പായ ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. മെയ് 24ന് ഫൈനൽ മത്സരം നടക്കും.
Story Highlights: IPL Governing Council to meet on Saturday to discuss coronavirus threat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here