കൊവിഡ് 19: ഇറാനിൽ കുടുങ്ങിക്കിടന്ന രണ്ടാം സംഘത്തെ ഇന്ത്യയിലെത്തിച്ചു

ഇറാനിൽ കുടുങ്ങിക്കിടന്ന രണ്ടാം സംഘത്തെ ഇന്ത്യയിലെത്തിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വിവരം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവരെയും ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം ട്വീറ്റിലൂടെ അറിയിച്ചു.

44 പേരടങ്ങുന്ന സംഘത്തെയാണ് മുംബൈ വിമാനത്താവളത്തിൽ എത്തിച്ചത്. കഴിഞ്ഞ ദിവസം ആദ്യ സംഘം ഡൽഹിയിൽ എത്തിയിരുന്നു. കൊവിഡ് 19 പരിശോധനകൾക്ക് ശേഷമാണ് ഇവരെ തിരികെ എത്തിച്ചത്.

പരിശോധന കൂടാതെ ഒരാളെ പോലും ഇന്ത്യയിലെത്തിക്കില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ലോകസഭയിൽ പറഞ്ഞിരുന്നു. അതിർത്തികളിൽ പരിശോധന കർശനമാക്കിയതായും കൊവിഡ്-19 പരിശോധന സ്വകാര്യ ലാബിൽ നടത്തേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക സെക്രട്ടറി ലവ് അഗർവാൾ വ്യക്തമാക്കി. ഒരു ലക്ഷം പരിശോധന കിറ്റുകൾ തയാറാണ്.

ഡൽഹിയിൽ സിനിമാ തിയറ്ററുകൾ മാർച്ച് 31 വരെ അടച്ചിട്ടു. കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളെ രക്ഷപ്പെടുത്താൻ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് ഡൽഹി ഹൈക്കോടതി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലേക്കുള്ള സന്ദർശക വിസ കേന്ദ്രസർക്കാർ ഏപ്രിൽ 15 വരെയാണ് നിർത്തി വച്ചത്. ഇറ്റലി, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസ് എയർ ഇന്ത്യ താത്കാലികമായി റദ്ദാക്കി. രാജ്യത്ത് ഇതുവരെ 74 പേർക്ക് കൊവിഡ്-19 വൈറസ് സ്ഥിരീകരിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു.

Story Highlights: 2nd group from iran arrived today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top