ഡിബാലക്ക് കൊവിഡ് 19 എന്ന് റിപ്പോർട്ട്; ആഴ്സണൽ പരിശീലകനും ചെൽസി യുവതാരത്തിനും വൈറസ് ബാധ സ്ഥിരീകരണം

യുവൻ്റസ് താരം ഡാനിയേല റുഗാനിക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെ കൂടുതൽ ഫുട്ബോൾ താരങ്ങൾക്ക് വൈറസ് ബാധയെന്ന് റിപ്പോർട്ട്. യുവൻ്റസിൽ റുഗാനിയുടെ സഹതാരവും അർജൻ്റീനയുടെ മുന്നേറ്റ താരവുമായ പൗളോ ഡിബാലയ്ക്ക് കൊവിഡ് 19 വൈറസ് ബാധയെന്ന റിപ്പോർട്ടുകളാണ് വരുന്നത്. അതേ സമയം, ഇംഗ്ലീഷ് ക്ലബ് ആർസണൽ പരിശീലകൻ മൈക്കൽ അർട്ടേറ്റക്കും മറ്റൊരു ഇംഗ്ലീഷ് ക്ലബ് ചെൽസിയുടെ കൗമാര താരം കല്ലം ഹസ്ഡൻ–ഒഡോയ് എന്നിവർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. അർജൻ്റീനയുടെ മുന്നേറ്റ താരവും യുവൻ്റസ് കളിക്കാരനുമായ ഗോൺസാലോ ഹിഗ്വയിനും വൈറസ് ബാധയേറ്റെന്ന് സ്ഥിരീകരിക്കാനാവാത്തെ റിപ്പോർട്ടുകളുണ്ട്. കൂടുതൽ താരങ്ങൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ പ്രീമിയർ ലീഗ് മാറ്റിവച്ചിരിക്കുകയാണ്. ഇറ്റാലിയൻ ലീഗ് നേരത്തെ മാറ്റിവച്ചിരുന്നു.

യുവൻ്റസിലെ രണ്ടാമത്തെ താരത്തിനും വൈറസ് ബാധ സ്ഥിരീകരിച്ചതോടെ താരങ്ങളും പരിശീലകരും ഉൾപ്പെടെ ഉള്ളവർ കർശന നിരീക്ഷണത്തിലാണ്. ആർസണൽ പരിശീലകൻ മൈക്കൽ അർട്ടേറ്റക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ക്ലബ് സുരക്ഷാ മുന്നൊരുക്കങ്ങൾ കർശനമാക്കി. അർട്ടേറ്റയുമായി സമ്പർക്കം പുലർത്തിയിരുന്ന മുഴുവൻ താരങ്ങളും ഐസൊലേഷനിലാണ്. തങ്ങളുടെ പരിശീലന കേന്ദ്രവും ആഴ്സണൽ താത്കാലികമായി അടച്ചു. ശനിയാഴ്ച നടക്കേണ്ടിയിരിക്കുന്ന ആർസനൽ – ബ്രൈറ്റൺ ലീഗ് മത്സരം നീട്ടിവച്ചു. ചെൽസി താരം ഒഡോയ് ഐസലേഷനിലാണ്. ഒഡോയിയുമായി സമ്പർക്കം പുലർ‌ത്തിയ മുഴുവൻ താരങ്ങളെയും സ്വയം ഐസൊലേഷനിലേക്ക് മാറ്റി.

കൂടുതൽ താരങ്ങള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ തുടർ നടപടികളെക്കുറിച്ച് ആലോചിക്കാൻ പ്രീമിയർ ലീഗ് അധികൃതർ ക്ലബ്ബുകളുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ചേരുന്ന യോഗത്തിൽ ലീഗ് റദ്ദാക്കുന്നത് അടക്കമുള്ള മറ്റ് പദ്ധതികൾ ചർച്ച ചെയ്യും. ലീഗ് റദ്ദാക്കിയാൽ 30 വർഷങ്ങൾക്ക് ശേഷം പ്രീമിയർ ലീഗ് കിരീടമെന്ന ലിവർപൂളിൻ്റെ മോഹങ്ങൾക്ക് അത് കനത്ത തിരിച്ചടിയാകും. രണ്ട് വിജയങ്ങൾ കൂടിയാണ് കപ്പ് ഉറപ്പിക്കാൻ ലിവർപൂളിന് വേണ്ടത്.

ഇതിനിടെ കുടുംബാഗങ്ങളിൽ ഒരാൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ഫ്രഞ്ച് ഡിഫൻഡർ ബെഞ്ചമിൻ മെൻഡി സ്വയം ഐസൊലേഷനിലേക്ക് മാറി. വ്യാഴാഴ്ച വരെ മെൻഡി സഹതാരങ്ങൾക്കൊപ്പം പരിശീനം നടത്തിയിരുന്നു.

Story Highlights: arsenal manager chelsea player paulo dybala test positive for covid 19 leagues suspended

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top