Advertisement

കൊവിഡ് 19 പ്രതിരോധം: നിസാര പിഴവുകള്‍ ഉയര്‍ത്തിക്കാട്ടി സര്‍ക്കാരിനെ ആക്രമിക്കാതെ ഒരുമിച്ചു നില്‍ക്കണം: കെ കെ ശൈലജ

March 13, 2020
1 minute Read

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ നിസാര പിഴവുകള്‍ ഉയര്‍ത്തിക്കാട്ടി സര്‍ക്കാരിനെ ആക്രമിക്കാതെ, ഒരുമിച്ചു നില്‍ക്കുകയാണു വേണ്ടതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ നിയമസഭയില്‍ പറഞ്ഞു. മഹാമാരിയെ നേരിടാന്‍ പ്രതിപക്ഷം സഹകരിക്കണം, പരിഹസിക്കരുതെന്നും അവര്‍ പറഞ്ഞു. സര്‍ക്കാരിന് മംഗളപത്രം എഴുതുന്ന പണിയല്ല പ്രതിപക്ഷത്തിന്റേതെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.

സര്‍ക്കാരിന്റെ നിസംഗതയാണ് രോഗവ്യാപനത്തിന് കാരണമായതെന്നായിരുന്നു അടിയന്തരപ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷത്തിന്റെ നിലപാട്. ആരോഗ്യമന്ത്രിയെ കടന്നാക്രമിക്കുന്ന രീതി മാറ്റിവച്ച്, ആരോഗ്യവകുപ്പിനുണ്ടായ പിഴവുകളാണ് പ്രധാനമായും ഉന്നയിച്ചത്. ഫെബ്രുവരി 26ന് കേന്ദ്രനിര്‍ദേശം വന്നിട്ടും ഇറ്റലിയില്‍ നിന്ന് വന്നവരെ വിമാനത്താവളത്തില്‍ നിരീക്ഷിക്കാനായില്ല. തിരുവനന്തപുരത്തേയും സ്ഥിതി വ്യത്യസ്ഥമല്ല.

മാര്‍ച്ച് നാലിന് വന്ന സര്‍ക്കുലറിലാണ് ഇറ്റലിയില്‍ നിന്നുള്ളവരെ കര്‍ശനമായി നിരീക്ഷിക്കണമെന്ന നിര്‍ദേശം ലഭിച്ചതെന്ന് മന്ത്രി കെ കെ ശൈലജ വിശദീകരിച്ചു. ഒരുവശത്ത് മിണ്ടരുതെന്ന് പറയുമ്പോള്‍, മറുവശത്ത് ജനങ്ങളെ ബോധവത്കരിക്കണമെന്നും പറയുന്നു. ഇതെങ്ങനെ സാധിക്കുമെന്നും അവര്‍ ചോദിച്ചു.

രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ പുറത്തുവിടരുതെന്ന് ഐഎംഎ പറഞ്ഞതാണ് താന്‍ ചൂണ്ടിക്കാണിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിന്റെ പാളിച്ചകളും തെറ്റുകളും ഇനിയും ചൂണ്ടിക്കാട്ടും. നിയമസഭയുടെ ചരിത്രത്തിലെ 29 ാമത്തെയും ഈ സര്‍ക്കാരിന്റെ കാലത്തെ അഞ്ചാമത്തേയും അടിയന്തരപ്രമേയ ചര്‍ച്ചക്കാണ് നിയമസഭ സാക്ഷ്യം വഹിച്ചത്.

Story Highlights: coronavirus, Covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top