കൊവിഡ് 19: സുരക്ഷാ മുന്നൊരുക്കങ്ങളുമായി സൊമാറ്റോ; ഡെലിവറി ബോയ്സിന്റെ ചികിത്സാ ചെലവുകൾ വഹിക്കും

കൊവിഡ് 19 വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സുരക്ഷാ മുന്നൊരുക്കങ്ങളുമായി സൊമാറ്റോ. ഡെലിവറി ബോയ്സിനും പാർട്നർ റെസ്റ്റോറൻ്റുകൾക്കും നൽകിയിരിക്കുന്ന നിർദ്ദേശങ്ങളും സുരക്ഷാ നടപടികളും അറിയിച്ചുകൊണ്ടുള്ള ഇ-മെയിൽ എല്ലാ ഉപഭോക്താക്കൾക്കും സൊമാറ്റോ അയച്ചിട്ടുണ്ട്.

വൃത്തി കാത്തുസൂക്ഷിക്കാൻ ഡെലിവറി ബോയ്സിനോട് നിർദ്ദേശിച്ചിട്ടുണ്ട്. സാനിറ്റൈസർ ഉപയോഗിച്ച് ഇടക്കിടെ കൈ കഴുകണമെന്നും അവരെ അറിയിച്ചിട്ടുണ്ട്. വൈറസ് ബാധ ലക്ഷണങ്ങൾ കണ്ടെത്തിയാൽ സ്വയം ഐസൊലേറ്റ് ചെയ്യപ്പെടുകയും ഉടൻ ഡോക്ടറെ കാണുകയും ചെയ്യണം. ഈ അവസരത്തിൽ ചികിത്സാ ചെലവുകൾ സൊമാറ്റോ വഹിക്കും. ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശങ്ങൾ സൊമാറ്റോ ഡെലിവറി ബോയ്സിനെ അറിയിച്ചിട്ടുണ്ട്.

വൃത്തിയുടെ കാര്യത്തിൽ ഉയർന്ന നിലവാരം കാത്തുസൂക്ഷിക്കണമെന്ന് റെസ്റ്റോറൻ്റുകളോട് ആവശ്യപ്പെട്ടു എന്നും സൊമാറ്റോ പറയുന്നു. ഭൂരിപക്ഷം റെസ്റ്റോറൻ്റുകളും വൃത്തി കാത്തുസൂക്ഷിക്കുന്നുണ്ടെന്നും ആപ്പിലെ ഹൈജീൻ റേറ്റിംഗ് ഉപയോഗിച്ച് വൃത്തിയുള്ള റെസ്റ്റോറൻ്റുകളെ അറിയാൻ സാധിക്കുമെന്നും സൊമാറ്റോ പറയുന്നു.

ഡെലിവറി ബോയിയുമായി സമ്പർക്കം പുലർത്താൻ ഉപഭോക്താവിന് താത്പര്യമില്ലെങ്കിൽ, വാതിലിൽ ഭക്ഷണപ്പൊതി വച്ചിട്ട് പോകാനുള്ള നിർദ്ദേശം നൽകാനുള്ള സൗകര്യം ആപ്പിൽ ഒരുക്കിയിട്ടുണ്ടെന്നും സൊമാറ്റോ അറിയിച്ചു.

രാജ്യത്ത് ഇതുവരെ 74 പേർക്കാണ് കൊവിഡ് 19 വൈറസ് സ്ഥിരീകരിച്ചത്.

Story Highlights: covid 19 zomato with security preparations

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top