കോർ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയ എ എൻ രാധാകൃഷ്ണനെ NDA വൈസ് ചെയർമാനാക്കി രാജീവ് ചന്ദ്രശേഖർ

ബിജെപി കോർ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിനെ തുടർന്ന് നേതൃത്വവുമായി ഇടഞ്ഞ മുതിർന്ന നേതാവ് എ എൻ രാധാകൃഷ്ണനെ എൻഡിഎ വൈസ് ചെയർമാനാക്കി. ഇടഞ്ഞവരെയും വെട്ടിയതിൽ പരാതിപ്പെട്ടവരെയും അനുനയിപ്പിക്കാനുള്ള കടുത്ത ശ്രമത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുതിർന്ന നേതാവ് എ എൻ രാധാകൃഷ്ണനെ എൻഡിഎ വൈസ് ചെയർമാൻ ആക്കിയതാണ് ഏറ്റവും ഒടുവിലത്തെ അനുനയം. എ എൻ രാധാകൃഷ്ണനെ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സംസ്ഥാന വൈസ് ചെയർമാനായി രാജീവ് ചന്ദ്രശേഖറാണ് പ്രഖ്യാപിച്ചത്.
എറണാകുളത്ത് നിന്നുള്ള മുതിർന്ന നേതാവും മുൻ സംസ്ഥാന ഉപാധ്യക്ഷനും കോർ കമ്മിറ്റി അംഗവുമായ എ എൻ രാധാകൃഷ്ണനെ ഭാരവാഹി നിർണയത്തിൽ പരിഗണിച്ചിരുന്നില്ല. പിന്നാലെ കോർ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി. ഇതിൽ കടുത്ത വിയോജിപ്പ് വ്യക്തമാക്കി എ എൻ രാധാകൃഷ്ണൻ നേതൃത്വവുമായി ഇടഞ്ഞു. ഭാരവാഹി – കോർ കമ്മിറ്റി പുനഃ സംഘടനക്കെതിരെ സംസ്ഥാനത്തുനിന്ന് നിരവധി പരാതികളാണ് ദേശീയ നേതൃത്വത്തിന് ലഭിച്ചത്. പരാതികൾ പരിഹരിച്ച് ഒറ്റക്കെട്ടായി പാർട്ടി മുന്നോട്ടു പോകണമെന്ന് നിർദ്ദേശം ദേശീയ നേതൃത്വതം നൽകിയതിന് പിന്നാലെയാണ് രാജീവ് ചന്ദ്രേശേഖർ അനുനയ ഫോർമുലകൾ ആവിഷ്കരിച്ചത്. പാതിവില തട്ടിപ്പ് കേസ് പരാതികളിൽ എ എൻ രാധാകൃഷ്ണന്റെ പേരു വന്നത് പാർട്ടിയെ ക്ഷീണത്തിലാക്കിയിരുന്നു. അതൊന്നും വകവയ്ക്കാതെയാണ് പുതിയ സ്ഥാനം നൽകി പ്രീതിപ്പെടുത്തിയത്.
Story Highlights : Rajeev Chandrasekhar appoints AN Radhakrishnan as NDA Vice Chairman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here