കൊവിഡ് 19: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര മാറ്റിവച്ചു

ലോകത്ത് പിടിമുറുക്കിയ കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര മാറ്റിവച്ചു. ലഖ്‌നൗവിലും കൊൽക്കത്തയിലും നടക്കാനിരുന്ന കളിയാണ് മാറ്റിവച്ചത്.
ഞായറാഴ്ചയിൽ ലഖ്‌നൗവിലും മാർച്ച് 18ന് കൊൽക്കത്തയിലുമാണ് ഏകദിന പരമ്പരകൾ നടക്കേണ്ടിയിരുന്നത്. ‘ ഐപിഎൽ മാറ്റിവച്ച സാഹചര്യത്തിൽ ഈ പരമ്പരയും മാറ്റിവയ്ക്കുകയാണ്. രാജ്യം ഒരു മഹാമാരിയെയാണ് നേരിടുന്നത്’-ബിസിസിഐ വക്താവ് പിടിഐയോട് പറഞ്ഞു. മറ്റൊരു ദിവസം പരമ്പര നടത്തുമെന്നും ബിസിസിഐ അറിയിച്ചു. ദക്ഷിണാഫ്രിക്കൻ ടീം ഡൽഹിയിൽ എത്തിയിട്ടുണ്ട്. ഇവർ അടുത്ത ഫ്‌ളൈറ്റിൽ തിരികെ പോകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ അടച്ചിട്ട സ്‌റ്റേഡിയത്തിൽ മത്സരം നടത്താൻ കായിക മന്ത്രാലയം നിർദേശിച്ചിരുന്നു.
ജനങ്ങൾ ഒരുമിച്ച് കൂടുന്ന ഒരു കായിക മത്സരവും നടത്തരുതെന്നും നടത്തുന്ന മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയങ്ങളിൽ നടത്തണമെന്നും കായിക മന്ത്രാലയം രാജ്യത്തെ സ്‌പോർട്‌സ് ഫെഡറേഷനുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
മൂന്ന് പതിറ്റാണ്ട് ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് ഇന്ത്യയിൽ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് പരമ്പര മാറ്റിവയ്ക്കുന്നത്. ഇതിന് മുമ്പ് 2014 ലാണ് കളി മാറ്റിവച്ചത്.
Story highlights- coronavirus, India South Africa, ODI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here