കണ്ണൂരിൽ യുവതിയെ പീഡിപ്പിച്ച സംഭവം; പ്രതിക്ക് ഇരട്ട ജീവപര്യന്തം

കണ്ണൂർ ചൊക്ലിയിൽ ഭർതൃമതിയായ മുപ്പതുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും രണ്ടര ലക്ഷം രൂപ പിഴയും വിധിച്ചു. പെരിങ്ങത്തൂർ സ്വദേശി കെ.പി.അൻസാറിനെയാണ് തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. കൊലപാതകത്തിന് ശേഷം ആഭരണങ്ങൾ കവർന്ന കേസിൽ 10 വർഷം അധികതടവും കോടതി വിധിച്ചു.

മൂന്ന് വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. ചൊക്ലി സ്വദേശിനിയെ പീഡിപ്പിച്ച ശേഷം വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ കേസിലാണ് പ്രതിയെ കോടതി ശിക്ഷിച്ചത്. കൊലപാതകം, ബലാത്സംഗം, കവർച്ച എന്നീ കുറ്റങ്ങൾ കോടതിയിൽ തെളിയിക്കപ്പെട്ടു.

2017 ഓഗസ്റ്റ് 14ന് ഉച്ചയോടെയാണ് സംഭവം നടന്നത്. വീട്ടിൽ നിന്ന് മീൻ വാങ്ങാൻ പോകുകയായിരുന്ന റീജയെ വഴിയരികിൽ ഒളിച്ചു നിന്ന പ്രതി കടന്നുപിടിക്കുകയായിരുന്നു. യുവതി ചെറുത്തതോടെ അൻസാർ യുവതിയുടെ വായയും മൂക്കും അമർത്തിപ്പിടിച്ചു. അബോധാവസ്ഥയിലായ റീജ സിമന്റ് സ്ലാബിൽ നിന്ന് താഴെ തോട്ടിലേക്ക് വീണു. പിറകെ എത്തിയ പ്രതി റീജയുടെ ആഭരണങ്ങൾ ബലമായി അഴിച്ചെടുത്ത് വെള്ളത്തിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നു. പിറ്റേ ദിവസം തന്നെ പ്രതി അറസ്റ്റിലായിരുന്നു.

അൻസാർ അന്നു മുതൽ ജയിലിൽ കഴിയുകയാണ്. ജാമ്യത്തിലെടുക്കാൻ ആരും തയാറാവാതിരുന്നതിനെ തുടർന്ന് റിമാന്റ് കാലാവധി നീട്ടി നൽകുകയായിരുന്നു. കൊലപാതകത്തിനും ബലാത്സംഗത്തിനുമാണ് ഇരട്ട ജീവപര്യന്തം. കവർച്ചയ്ക്ക് 10 വർഷം വേറെയും ശിക്ഷയുണ്ട്. കവർച്ചയ്ക്കുള്ള ജയിൽ ശിക്ഷ ആദ്യം അനുഭവിക്കണമെന്നാണ് ഉത്തരവ്. പ്രതി രണ്ടര ലക്ഷം പിഴയടച്ചാൽ പണം കൊല്ലപ്പെട്ട റീജയുടെ നിയമ പ്രകാരമുള്ള അവകാശികൾക്ക് നൽകണമെന്നും പിഴ അടച്ചില്ലെങ്കിൽ രണ്ടര വർഷം അധിക തടവ് അനുഭവിക്കണമെന്നും വിധിയിലുണ്ട്.

Story Highlights- Rape

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top