Advertisement

യാത്രാവിലക്ക്: സൗദിയിലേക്ക് മടങ്ങാന്‍ നെട്ടോട്ടമോടി ആയിരങ്ങള്‍

March 13, 2020
Google News 1 minute Read

സൗദിയിലേക്കുള്ള യാത്രക്ക് നിയന്ത്രണം വന്നതോടെ മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വിദേശികളാണ് സൗദിയിലേക്ക് മടങ്ങാന്‍ നെട്ടോട്ടമോടുന്നത്. വിസയുള്ളവര്‍ക്ക് 72 മണിക്കൂറിനകം സൗദിയിലേക്ക് മടങ്ങാന്‍ നല്കിയ അവസരം പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുകയാണ് പലരും. എന്നാല്‍ യാത്രാവിലക്കുള്ള സമയത്ത് കാലാവധി തീരുന്ന വിസകള്‍ പുതുക്കി നല്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഇന്ത്യ ഉള്‍പ്പെടെ കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും ഈ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കുമാണ് സൗദി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ സൗദി പ്രസ് ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം നിലവില്‍ ഈ രാജ്യങ്ങളിലുള്ള സൗദി പൗരന്മാര്‍ക്കും എക്‌സിറ്റ് റീഎന്‍ട്രിയില്‍ നാട്ടിലേക്ക് പോയ ഇഖാമയുള്ളവര്‍ക്കും 72 മണിക്കൂറിനകം സൗദിയിലേക്ക് മടങ്ങാന്‍ അവസരമുണ്ട്.

72 മണിക്കൂര്‍ കഴിഞ്ഞാല്‍ പിന്നെ സൗദിയിലേക്ക് മടങ്ങാന്‍ യാത്രാവിലക്ക് തീരുന്നത് വരെ കാത്തിരിക്കേണ്ടി വരും. അനിശ്ചിത കാലത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ നാട്ടിലുള്ള വിസാകാലാവധി തീരാറായ ഇഖാമക്കാര്‍ 72 മണിക്കൂറിനകം സൗദിയിലേക്ക് മടങ്ങാനുള്ള ശ്രമത്തിലാണ്.

അതേസമയം, അവധിക്ക് നാട്ടില്‍ പോയ പ്രവാസികള്‍ക്ക് സൗദിയിലേക്ക് മടങ്ങാന്‍ വിസാ കാലാവധി തടസമാകില്ലെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗത്തെ ഉദ്ധരിച്ചുകൊണ്ട് ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. സൗദിയിലേക്കുള്ള യാത്രാവിലക്ക് നിലനില്‍ക്കുന്ന സമയത്ത് ആണ് എക്‌സിറ്റ് റീഎന്‍ട്രിയോ ഇഖാമയുടെ കാലാവധിയോ തീരുന്നതെങ്കില്‍ വിസ പുതുക്കി നല്കുമെന്ന് പാസ്‌പോര്‍ട്ട് വിഭാഗം ട്വിറ്ററിലൂടെ മറുപടി നല്‍കിയതായാണ് റിപോര്‍ട്ട്.

മറ്റു ജിസിസി രാജ്യങ്ങള്‍ വഴിയുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയതോടെ സൗദിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ മാത്രമാണ് ആശ്രയം. ഈ സാഹചര്യത്തില്‍ കേരളത്തില്‍ നിന്ന് സൗദിയിലേക്ക് പ്രത്യേക വിമാന സര്‍വീസുകള്‍ വേണമെന്ന ആവശ്യവും ശക്തമാണ്. പല ട്രാവല്‍ ഏജന്‍സികളും ഈ ദിവസങ്ങളിലെ യാത്രക്ക് അമിതമായ ടിക്കറ്റ് നിരക്ക് ഈടാക്കുന്നതായും പരാതിയുണ്ട്.

Story Highlights: coronavirus, Covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here