Advertisement

കൊവിഡ് 19: പുതിയ പോസിറ്റീവ് കേസുകളില്ല; നിയന്ത്രണ വിധേയമാകുമെന്ന വിലയിരുത്തലില്‍ പത്തനംതിട്ട ജില്ലാ ഭരണകൂടം

March 14, 2020
1 minute Read

ഇന്ന് വരാനിരിക്കുന്ന പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയാല്‍ പത്തനംതിട്ടയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാകുമെന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പും ജില്ലാഭരണകൂടവും. ജില്ലയുടെ ചുമതലയുളള മന്ത്രി കെ രാജുവിന്റെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. സംസ്ഥാനത്ത് കൂടുതല്‍ ജില്ലകളില്‍ കൊവിഡ് 19 സ്ഥിരീകരിക്കുമ്പോഴും ആശ്വാസകരമായ വാര്‍ത്തകളാണ് പത്തനംതിട്ടയില്‍ നിന്ന് വരുന്നത്.

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം വര്‍ധിച്ചെങ്കിലും രണ്ടുദിവസമായി ജില്ലയില്‍ പോസിറ്റീവ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പരിശോധനാ ഫലം നെഗറ്റീവ് ആയവരില്‍ പലരും ഹൈ റിസ്‌ക് കോണ്ടാക്ടില്‍പ്പെട്ടവരാണ്. 40 പേരുടെ പരിശോധനാ ഫലമാണ് ഇനി ലഭിക്കാനുളളത്. ഇതില്‍ 20 എണ്ണം പുതിയ സാമ്പിളുകളാണ്. മറ്റുള്ളവ തുടര്‍പരിശോധനകള്‍ക്കായി അയച്ച സാമ്പിളുകളും. രോഗികളുമായി നേരിട്ടും അല്ലാതെയും സമ്പര്‍ക്കം പുലര്‍ത്തിയ 17 ആരോഗ്യപ്രവര്‍ത്തകരെയും വീടുകളില്‍ നിരീക്ഷണത്തിലേര്‍പ്പെടുത്തിയിട്ടുണ്ട്.

ഇവരുള്‍പ്പെടെ 1239 പേരാണ് ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ക്കഴിയുന്നത്. ഇവരില്‍ 186 പേര്‍ ഹൈ റിസ്‌ക് കോണ്ടാക്ടിലുള്ളവരാണ്. 29 പേര്‍ വിവിധ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. പരിശോധനാഫലം നെഗറ്റീവ് ആയ 14 പേര്‍ ഇതിനോടകം ആശുപത്രി വിട്ടു. പത്തിലധികം പരിശോധനാ ഫലങ്ങള്‍ ഇന്ന് പ്രതീക്ഷിക്കുന്നുണ്ട്. കൂടുതല്‍ ഫലം നെഗറ്റീവ് ആയാല്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാകുമെന്ന വിലയിരുത്തലിലാണ് ജില്ലാഭരണകൂടവും ആരോഗ്യവകുപ്പും.

വൈകിട്ട് മന്ത്രി കെ രാജുവിന്റെ നേതൃത്വത്തില്‍ ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അവലോകന യോഗം ചേരും. മുന്നറിയിപ്പുകള്‍ കണക്കിലെടുത്ത് ശബരിമലയിലേക്ക് ഭക്തര്‍ അധികമെത്തില്ലെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

Story Highlights: coronavirus, Covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top