Advertisement

ഡോ. പുതുശേരി രാമചന്ദ്രൻ അന്തരിച്ചു

March 14, 2020
Google News 1 minute Read

പ്രശസ്ത കവിയും ഭാഷാ ഗവേഷകനുമായ ഡോ. പുതുശേരി രാമചന്ദ്രൻ അന്തരിച്ചു. 92 വയസായിരുന്നു. തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം.

മലയാളത്തിലെ വിപ്ലവ സാഹിത്യത്തിന്റെ മുന്നണിപ്പോരാളികളിലൊരാളായ അദ്ദേഹം സ്വാതന്ത്ര്യ സമരകാലം മുതൽ രചനകളിലൂടെ അതിന് ദിശാബോധം നൽകി. 1942 ആഗസ്റ്റ് 9ന് ക്വിറ്റിന്ത്യ സമരത്തിലൂടെയായിരുന്നു പുതുശേരി രാമചന്ദ്രന്റെ രാഷ്ട്രീയപ്രവേശം. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന് 1947 ജൂൺ 1 മുതൽ സെപ്റ്റംബർ വരെ സ്‌കൂളിൽ നിന്നു പുറത്താക്കി. അതേ സ്‌ക്കൂളിൽ 1947 ആഗസ്റ്റ് പതിനഞ്ചിന് അദ്ദേഹം പതാക ഉയർത്തി.

1948ൽ സെപ്തംബറിൽ വിദ്യാർത്ഥി കോൺഗ്രസിൽ നിന്ന് രാജിവച്ച അദ്ദേഹം പിന്നീട് വിദ്യാർത്ഥി ഫെഡറേഷനിലും കമ്മ്യൂണിസ്റ്റു പാർട്ടിയിലും അംഗമായി. 1953-54 കാലയളവിൽ ശൂരനാട്ടു സംഭവത്തിനു ശേഷം നിരോധിക്കപ്പെട്ട കമ്മൂണിസ്റ്റ് പാർട്ടിയുടെ വള്ളികുന്നം ശൂരനാട് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.

ഗ്രാമീണ ഗായകൻ, ഈ വീട്ടിൽ ആരുമില്ലേ, എന്റെ സ്വാതന്ത്ര്യ സമര കവിതകൾ, പുതുശേരി കവിതകൾ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രശസ്ത കവിതകൾ.

1999 ൽ കേരള സാഹിത്യ അക്കാദമി അവാർഡ്, 2005ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, 2008ൽ കുമാരനാശാൻ അവാർഡ്, അതേ വർഷം തന്നെ വള്ളത്തോൾ പുരസ്‌കാരം, 2009 ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം, 2014ൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഭാഷാസമ്മാൻ, 2015ൽ എഴുത്തച്ഛൻ പുരസ്‌കാരം എന്നിവ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

Story Highlights- Puthussery Ramachandran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here