അവിഹിതം ആരോപിച്ച് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടി പരുക്കേൽപ്പിച്ചു; യുവാവ് അറസ്റ്റിൽ

അവിഹിതം ആരോപിച്ച് ഭാര്യയേയും, ഭാര്യാമാതാവിനേയും വെട്ടിപ്പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ. കൊല്ലം ചേത്തടി മൈലാടുംപാറ സ്വദേശി റെജിയാണ് കുന്നിക്കോട് പൊലീസിന്റെ പിടിയിലായത്. ഭാര്യ കാമുകനൊപ്പം യാത്ര ചെയ്‌തെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

ഓട്ടോറിക്ഷ ഡ്രൈവറായ റെജി ഭാര്യ ശ്യാമയ്ക്ക് കാമുകനുണ്ടെന്ന് ആരോപിച്ച് വീട്ടിൽ വഴക്കുണ്ടാക്കുക പതിവായിരുന്നു. റെജിയുടെ ഭാര്യ ശ്യാമ അമ്മ നയോമി എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരേയും തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വാക്കത്തി കൊണ്ട് ശ്യാമയെ വെട്ടുന്നതിനിടെ പിടിച്ചുമാറ്റാനെത്തിയ നയോമിക്കും പരുക്കേൽക്കുകയായിരുന്നു. തുടർന്ന് ഓട്ടോറിക്ഷയിൽ കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിലെത്തിയ റെജി ട്രെയിൻ മാർഗം തെങ്കാശിയിലേക്ക് കടന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ച് കുന്നിക്കോട് സിഐ മുബാറക്, എസ്‌ഐ ബെന്നിലാൽ എന്നിവരുടെ നേതൃത്വത്തിൽ പിന്തുടർന്ന പൊലീസ് സംഘം തെങ്കാശിയിൽ നിന്നും ഇയാളെ പിടികൂടുകയായിരുന്നു.

അതേസമയം ശ്യാമ കാമുകനൊപ്പം ബൈക്കിൽ യാത്ര ചെയ്തത് കാമുകന്റെ ഭാര്യ റെജിയെ വിളിച്ചറിയിച്ചതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമെന്നാണ് വിവരം. ഇതിന്റെ ദ്യശ്യങ്ങൾ മൊബൈൽ ഫോണിൽ ഇവർ പകർത്തുകയും ചെയ്തു. അവിഹിതത്തെ ചൊല്ലി വീട്ടിൽ കുടുംബ വഴക്ക് പതിവായിരുന്നു. ഭാര്യക്ക് പല തവണ താക്കീത് നൽകിയിട്ടും അനുസരിക്കാതെ വന്നതോടെയാണ് റെജി ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ കഴിയുന്ന ശ്യമയും മാതാവ് നയോമിയും അപകടനില തരണം ചെയ്തു.
പൊലീസ് അറസ്റ്റ് ചെയ്ത റെജിയെ പുനലൂർ കോടതി റിമാന്റ് ചെയ്തു.

Story Highlights- Murder

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top