കൊവിഡ് 19: അഞ്ച് വലൻസിയ താരങ്ങളുടെ പരിശോധനാ ഫലം പോസിറ്റിവ്; ലാലിഗയിൽ ആദ്യം

ലാ ലിഗ ക്ലബ് വലൻസിയയിലെ അഞ്ച് താരങ്ങൾക്കും ഒരു സപ്പോർട്ടിംഗ് സ്റ്റാഫിനും കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. വലൻസിയയുടെ അർജൻ്റീന പ്രതിരോധ താരം എസകെൽ ഗാരെ ഉൾപ്പെടെ അഞ്ച് താരങ്ങൾക്കും ഒരു സപ്പോർട്ടിംഗ് സ്റ്റാഫിനുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഗാരെക്കൊപ്പം ഫ്രഞ്ച് ഡിഫൻഡർ എലയ്ക്വിം മംഗാല, സ്പാനിഷ് പ്രതിരോധ താരം ജോസ് ഗയ എന്നിവരും അഞ്ച് പേരിൽ ഉൾപ്പെടുന്നുണ്ടെന്ന് മാഴ്സ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇതിൽ സ്ഥിരീകരണമില്ല.
വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടവരെല്ലാം ഐസൊലേഷനിലാണെന്ന് ക്ലബ് അറിയിച്ചു. കഴിഞ്ഞ ദിവസം ഇറ്റാലിയൻ ക്ലബ് അറ്റലാൻ്റക്കെതിരായ വലൻസിയയുടെ ചാമ്പ്യൻസ് ലീഗ് മത്സരം അടച്ച സ്റ്റേഡിയത്തിലാണ് നടത്തിയത്. ഇത് ആദ്യമായാണ് ലാ ലിഗയിൽ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ, ഇറ്റാലിയൻ ലീഗായ സീരി എ കൊവിഡ് 19 മൂലം നിർത്തിവച്ചിരുന്നു. ലീഗിൽ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബായ യുവൻ്റസിലെ ഒരു താരത്തിനും കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ലോക വ്യാപകമായി കൊവിഡ് 19 ഏറ്റവുമധികം പടർന്നു പിടിച്ച രാജ്യങ്ങളിൽ ഒന്നാണ് ഇറ്റലി.
രണ്ടാഴ്ചത്തേക്ക് എല്ലാ സ്പാനിഷ് ലീഗ് മത്സരങ്ങളും നിർത്തി വെക്കാൻ ലാ ലിഗ ഭരണസമിതി തീരുമാനിച്ചിരുന്നു. രാജ്യാന്തര തലത്തില്‍ സ്ഥിതിഗതികള്‍ വഷളാകുന്ന സാഹചര്യത്തില്‍ മത്സരം നിര്‍ത്തിവയ്ക്കുക അല്ലാതെ വേറെ രക്ഷയില്ല എന്ന് സ്പാനിഷ് എഫ് എ പറഞ്ഞു. ചാമ്പ്യൻസ് ലീഗ്, ഇംഗ്ലീഷ് പ്രീമിയർ ലീഗ് തുടങ്ങി സുപ്രധാന ഫുട്ബോൾ ലീഗുകളെല്ലാം നിർത്തിവച്ചിരിക്കുകയാണ്.
Story Highlights: Valencia Confirm Five Positive Tests For Covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here