രഞ്ജി സീസണിൽ കൊയ്തത് 67 വിക്കറ്റുകൾ; സൗരാഷ്ട്രയെ ജയദേവ് ഉനദ്കട്ട് നയിച്ച വിധം

ഇക്കൊല്ലത്തെ രഞ്ജി ചാമ്പ്യൻ പട്ടം ചൂടിയത് സൗരാഷ്ട്ര ആയിരുന്നു. ഇത് ആദ്യമായാണ് സൗരാഷ്ട്ര രഞ്ജി കിരീടത്തിൽ മുത്തമിടുന്നത്. ആ ചരിത്ര നേട്ടത്തിൽ മുന്നിൽ നിന്ന് നയിച്ച ഒരു താരമുണ്ടായിരുന്നു, സൗരാഷ്ട്ര നായകൻ ജയദേവ് ഉനദ്കട്ട്. 67 വിക്കറ്റുകൾ നേടിയ ഉനദ്കട്ടിൻ്റെ ചിറകിലേറിയാണ് സൗരാഷ്ട്ര ചരിത്ര പുസ്തകത്തിൽ ഇടം നേടിയത്. ഒരു രഞ്ജി സീസണിൽ ഏറ്റവുമധികം വിക്കറ്റുകൾ നേടിയ താരമെന്ന പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഉനദ്കട്ട്. ബീഹാറിൻ്റെ അശുതോഷ് അമനാണ് പട്ടികയിൽ ഒന്നാമത്. അശുതോഷ് റെക്കോർഡിട്ടത് കഴിഞ്ഞ കൊല്ലമാണ്. അദ്ദേഹത്തിനുള്ളതാവട്ടെ ഉനദ്കട്ടിനെക്കാൾ ഒരു വിക്കറ്റ്, 68.
അശുതോഷിൻ്റെ കഥ മറ്റൊന്നാണ്. കഴിഞ്ഞ സീസണിൽ ബീഹാറിനായി രഞ്ജി അരങ്ങേറുമ്പോൾ അശുതോഷിനു വയസ്സ് 32. സീസണിൽ ആദ്യമായി 50 വിക്കറ്റ് എന്ന നേട്ടം കൈവരിച്ച അശുതോഷ് സീസൺ നിർത്തിയത് 68 വിക്കറ്റുകളുമായായിരുന്നു. തകർത്തത് 45 കൊല്ലം പഴക്കമുള്ള റെക്കോർഡ്. ബിഷൻ സിംഗ് ബേദി 1974-75 സീസണിൽ സ്ഥാപിച്ച 64 വിക്കറ്റുകളെന്ന നേട്ടമാണ് അരങ്ങേറിയ ആദ്യ സീസണിൽ അശുതോഷ് തകർത്തത്. ഈ സീസണിൽ 49 വിക്കറ്റുകളുമായി അശുതോഷ് അഞ്ചാമതുണ്ട്.
ഫോമിൻ്റെ പാരമ്യതയിലാണ് ഉനദ്കട്ട്. അദ്ദേഹത്തിൻ്റെ കഴിവ് അറിയുന്നത് കൊണ്ടാവും രാജസ്ഥാൻ റോയൽസ് താരത്തെ വിടാതെ പിടിച്ചിരിക്കുന്നത്. ഈ അവസരത്തിൽ സൗരാഷ്ട്രയിൽ ഉനദ്കട്ടിൻ്റെ സഹതാരവും ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ നെടുന്തൂണുമായ ചേതേശ്വർ പൂജാര പറഞ്ഞത് ശ്രദ്ധേയമാണ്.
“ഉനദ്കട്ട് ഇന്ത്യൻ ടീമിൽ എത്തിയില്ലെങ്കിൽ അത് വലിയ അത്ഭുതമാവും. സീസണിൽ അസാമാന്യ പ്രകടനമായിരുന്നു ഉനദ്കട്ടിന്റേത്. ഒരു രഞ്ജി സീസണിൽ 67 വിക്കറ്റെടുക്കാൻ ഒരാൾക്ക് കഴിഞ്ഞാൽ അതിനേക്കാൾ നന്നായി കളിക്കാൻ മറ്റാർക്കും കഴിയില്ലെന്നാണ് എനിക്ക് തോന്നുന്നത്.”- പൂജാര പറയുന്നു.
ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഉനദ്കട്ടിന് അത്ര നല്ല റെക്കോർഡുകളല്ല ഉള്ളത്. പക്ഷേ, കഴിഞ്ഞ ഏതാനും വർഷങ്ങളായി അദ്ദേഹം തൻ്റെ ക്രിക്കറ്റിംഗ് കൾച്ചറിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. പൂനെ സൂപ്പർ ജയൻ്റ്സിലെ ഗംഭീര പ്രകടത്തിനു ശേഷം രാജസ്ഥാൻ റോയൽസിലെ പ്രകടനം അത്ര നന്നയില്ലെങ്കിലും വേരിയേഷനുകൾ കൊണ്ടുവരാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്. അത് തന്നെയാണ് രാജസ്ഥാൻ റോയൽസ് ഉനദ്കട്ടിൽ നിന്ന് പ്രതീക്ഷിക്കുന്നതും.
Story Highlights: jaydev unadkat ranji season
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here