കൊവിഡ് 19: നെടുമ്പാശേരി വിമാനത്താവളം അടച്ചിടില്ലെന്ന് മന്ത്രി വി എസ് സുനിൽ കുമാർ

കൊവിഡ് 19 ബാധിതനായ ബ്രിട്ടീഷ് പൗരൻ വിദേശത്തേയ്ക്ക് കടക്കാൻ ശ്രമിച്ച സംഭവത്തിൽ നെടുമ്പാശേരി വിമാനത്താവളം അടച്ചിടില്ലെന്ന് മന്ത്രി വി എസ് സുനിൽ കുമാർ. എയർപോർട്ട് അടച്ചിടേണ്ട സാഹചര്യം ഇല്ലെന്നും വിദേശിയെ വിമാനത്താവളത്തിന് ഉള്ളിൽ വച്ചാണ് തടഞ്ഞതെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് 19 നിരീക്ഷണത്തിലിരിക്കെയാണ് യുകെ പൗരൻ നാട്ടിലേയ്ക്ക് മടങ്ങാൻ ഒരുങ്ങിയത്. മൂന്നാറിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ ഇയാളെ സെക്യൂരി പരിശോധനയ്ക്കിടെ തടയുകയായിരുന്നു. തുടർന്ന് കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.
മാർച്ച് ഏഴിനാണ് വിദേശി മൂന്നാറിൽ എത്തിയത്. തുടർന്ന് മൂന്നാർ കോളനി റോഡിലെ സർക്കാർ ഹോട്ടലിൽ മുറിയെടുത്തു. 10 ന് രാവിലെ പനി ബാധിച്ചതോടെ മൂന്നാർ ജനറൽ ആശുപത്രിയിൽ എത്തി മരുന്നു വാങ്ങി മടങ്ങി. അവിടുത്തെ ഡോക്ടർ വിവരമറിയിച്ചതിനെ തുടർന്ന് 11 ന് ഇയാളെ കോട്ടയം മെഡിക്കൽ കോളജിലേക്ക് പരിശോധനക്കായി എത്തിച്ചു. 12 ന് മൂന്നാർ സർക്കാർ ഹോട്ടലിൽ തിരിച്ചെത്തിച്ച് നിരീക്ഷണത്തിൽവച്ചു. കൊച്ചിയിൽ വിവിധയിടങ്ങൾ സന്ദർശിച്ച ശേഷമാണ് ഇയാൾ മൂന്നാറിൽ എത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here