‘ഫാൻ ബോയ് മോമന്റ്’; സുരേഷ് റെയ്നയെ കണ്ട സന്തോഷം പങ്കുവച്ച് ദുൽഖർ സൽമാൻ

ക്രിക്കറ്റ് താരം സുരേഷ് റെയ്നയെ കണ്ട സന്തോഷം പങ്കുവച്ച് ദുൽഖർ സൽമാൻ. തമിഴ് നടൻ വിക്രം പ്രഭുവിനും റെയ്നക്കുമൊപ്പം നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തു കൊണ്ട് ഇൻസ്റ്റഗ്രാമിലാണ് ദുൽഖർ സന്തോഷം പങ്കുവച്ചത്. താൻ ചെന്നൈ സൂപ്പർ കിംഗിൻ്റെ ആരാധകനാണെന്നും ദുൽഖർ കുറിച്ചു.
‘സുരേഷ് റെയ്ന, താങ്കളെ കണ്ടതിൽ സന്തോഷം. നിങ്ങൾ ഒരു മാന്യനായ വ്യക്തിയാണ്. സോയ ഫാക്ടറിനെപ്പറ്റി പറഞ്ഞതിനു നന്ദി. ഞാൻ ഒരു ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകനാണ്. അതുകൊണ്ട് തന്നെ ചെന്നൈയിൽ വച്ച് താങ്കളെ കണ്ടത് പ്രത്യേക സന്തോഷമായി. എന്നെ ഒരു ഫാൻ ബോയ് പോലെ ആക്കാത്തതിൽ വിക്രം പ്രഭുവിനു നന്ദി’- ദുൽഖർ ഇൻസ്റ്റയിൽ കുറിച്ചു.
ദുൽഖറിൻ്റെ പോസ്റ്റിന് റെയ്ന മറുപടിയും നൽകി. ‘താങ്കളെ കണ്ടതിൽ സന്തോഷം സഹോദരാ. താങ്കൾ സോയ ഫാക്ടർ സിനിമയിൽ ഗംഭീരമായി അഭിനയിച്ചു. വീണ്ടും കാണാം. താങ്കൾക്കും കുടുംബത്തിനും എല്ലാ വിധ ആശംസകളും നേരുന്നു’ എന്നാണ് റെയ്ന മറുപടി നൽകിയത്. പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.
34 വർഷമായി കേരളം തിരയുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിൻ്റെ കഥ പറയുന്ന കുറുപ്പ് എന്ന സിനിമയാണ് ഇനി ദുൽഖറിൻ്റേതായി പുറത്തിറങ്ങാനുള്ളത്. ദുൽഖർ സിനിമാ ലോകത്ത് അരങ്ങേറിയ സെക്കൻഡ് ഷോ, മോഹൻലാൽ ചിത്രം കൂതറ എന്നീ സിനിമകളുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന സിനിമയാണ് കുറുപ്പ്. ദുൽഖറിനൊപ്പം ഇന്ദ്രജിത്ത് സുകുമാരന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
ജിതിന്‍ കെ ജോസിന്റെ കഥയ്ക്ക് ഡാനിയേല്‍ സായൂജ് നായരും കെഎസ് അരവിന്ദും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുമ്പോൾ സുഷിന്‍ ശ്യാം ആണ് സംഗീതം. കമ്മാര സംഭവത്തിലൂടെ ദേശിയ പുരസ്‌കാരം നേടിയ വിനേഷ് ബംഗ്ലാന്‍ ആണ് ചിത്രത്തിന്റെ കലാസംവിധാനം നിർവഹിക്കുക. ദുൽഖറിൻ്റെ നിർമ്മാണക്കമ്പനിയായ വേഫാറര്‍ ഫിലിംസും എം സ്റ്റാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Story Highlights: Dulquer Salmaan Fanboys Over Suresh Raina
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here