ജർമൻ വികസിപ്പിക്കുന്ന കൊറോണ വാക്‌സിന്റെ അവകാശം തട്ടിയെടുക്കാനുള്ള നീക്കവുമായി ട്രംപ്

കൊറോണ വൈറസിനെതിരെയുള്ള വാക്‌സിൻ വികസിപ്പിക്കാൻ ജർമനിക്ക് കഴിഞ്ഞാൽ പൂർണ അവകാശം അമേരിക്കയ്ക്ക് നേടിയെടുക്കാനുള്ള നീക്കവുമായി പ്രസിഡന്റ് ട്രംപ്. ഇതിനായി ഗവേഷണം നടത്തുന്ന ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ ക്യൂവാക്കിന് 100 കോടി ഡോളർ ട്രംപ് വാഗ്ദാനം ചെയ്തുവെന്ന് റിപ്പോർട്ട്.
എന്നാൽ ട്രംപിന്റെ ഈ നീക്കത്തിനെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നിരിക്കുകയാണ് ജർമനി. വാക്‌സിൻ കണ്ടെത്താൻ കഴിഞ്ഞാൽ അത് അമേരിക്കയ്ക്ക് നൽകില്ലെന്നും ലോകത്തിനായി അത് ഉപോയോഗപ്പെടുത്തുമെന്നും ജർമൻ മന്ത്രിമാർ വ്യക്തമാക്കി. ജർമനി വിൽപ്പനയ്ക്കുള്ളതല്ലെന്നായിരുന്നു ജർമൻ സാമ്പത്തികകാര്യ മന്ത്രി പീറ്റർ അൽതമെയിൻ ഇക്കാര്യത്തിൽ പ്രതികരിച്ചത്.
വാക്‌സിൻ വികസിപ്പിച്ചെടുക്കുന്നതിൽ ആഗോളതലത്തിൽ മുഖ്യ പങ്ക് ജർമനിക്കാണെന്നും അത് ഒരാൾക്ക് മാത്രം അവകാശപ്പെടാൻ കഴിയുന്ന ഒന്നല്ലെന്നും നിലവിലെ സാഹചര്യത്തിൽ അന്താരാഷ്ട്ര സഹകരണമാണാവശ്യമെന്നും ജർമൻ വിദേശകാര്യമന്ത്രി ഹെയ്‌കോ മാസ് പറഞ്ഞു.
ബയോഫാർമസ്യൂട്ടിക്കൽ വിൽക്കുന്നത് പരിഗണനയിൽപോലും ഇല്ലെന്നും വാക്‌സിൻ കണ്ടുപിടിക്കാനായാൽ ലോകത്താകമാനം അത് ഉപയോഗിക്കുമെന്നും ആരോഗ്യമന്ത്രി ജെൻസ് സ്പാൻ പറഞ്ഞു.
Story Highlights- Trump attempts to buy coronavirus vaccine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here