ടെസ്റ്റ് ചെയ്തിട്ടില്ല; സ്വയം ഐസൊലേഷനിലാണ്: വിശദീകരണവുമായി അലക്സ് ഹെയിൽസ്

തനിക്ക് കൊവിഡ് 19 വൈറസ് ബാധയാണെന്ന വാർത്തകളോട് പ്രതികരിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് താരം അലക്സ് ഹെയിൽസ്. താൻ കൊവിഡ് 19 ടെസ്റ്റ് ചെയ്തിട്ടില്ലെന്നും സ്വയം ഐസൊലേഷനിൽ കഴിയുകയാണെന്നും ഹെയിൽസ് പ്രതികരിച്ചു. തൻ്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഹെയിൽസ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
കൊവിഡ് 19 രൂക്ഷമായ സാഹചര്യത്തിൽ താൻ പാകിസ്താൻ വിട്ടു എന്ന് ഹെയിൽസ് പറഞ്ഞു. നട്ടിലെത്തിയതിനു ശേഷം തനിക്ക് ചെറിയ പനി അനുഭവപ്പെട്ടെന്നും സർകാർ നിർദ്ദേശമനുസരിച്ച് താൻ സ്വയം ഐസൊലേഷനിൽ ആയെന്നും ഹെയിൽസ് വിശദീകരിച്ചു.
കൊവിഡ് 19 മഹാമാരിയായി പ്രഖ്യാപിച്ചതിന് പിന്നാലെ മറ്റുള്ള വിദേശ താരങ്ങളെപ്പോലെ ഞാൻ പാകിസ്താൻ വിട്ടു. ഈ സമയത്ത് വീട്ടുകാർക്കൊപ്പം ചിലവഴിക്കുന്നത് പ്രധാനപ്പെട്ട സംഗതിയാണെന്ന് ഞാൻ കരുതി. ശനിയാഴ്ച പുലർച്ചെ പൂർണ ആരോഗ്യവാനായാണ് ഞാൻ നാട്ടിൽ വിമാനം ഇറങ്ങിയത്. വൈറസ് ബാധയുടെ യാതൊരു ലക്ഷണവും ഇല്ലായിരുന്നു. പക്ഷേ, ഞായറാഴ്ച രാവിലെ എണീറ്റപ്പോൾ ചെറിയ പനി അനുഭവപ്പെട്ടു. ഇതേത്തുടർന്ന് സർക്കാർ നിർദ്ദേശമനുസരിച്ച് ഞാൻ സ്വയം ഐസൊലേഷൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇത് വരെ ഞാൻ ടെസ്റ്റിന് വിധേയനായിട്ടില്ല.”- ട്വിറ്റർ കുറിപ്പിൽ ഹെയിൽസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഗൾഫ് ന്യൂസിലാണ് ഹെയിൽസിന് കൊവിഡ് 19 വൈറസ് ബാധയാണെന്ന റിപ്പോർട്ട് പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം മുൻ പാക് താരവും കമൻ്റേറ്ററുമായ റമീസ് രാജ ഹെയിൽസ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചു എന്ന് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സെമിഫൈനലുകളും ഫൈനലുകളും മാത്രം ബാക്കി നിൽക്കെ പിഎസ്എൽ മാറ്റിവക്കാൻ പിസിബി തീരുമാനിച്ചതെന്നും റമീസ് രാജ പറഞ്ഞു. തുടർന്നാണ് ഹെയിൽസ് വിശദീകരണവുമായി രംഗത്തെത്തിയത്.
Story Highlights: alex hales delivers update after experiencing covid 19symptoms
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here