കൊവിഡ് 19 പ്രതിരോധം: എറണാകുളം ജില്ലയില്‍ സ്വകാര്യ ആശുപത്രികളും സജ്ജമാക്കും

കൊവിഡ് 19 വൈറസ് പ്രതിരോധത്തിന് ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ക്ക് വിഡിയോ കോണ്‍ഫറന്‍സിലൂടെ വിദഗ്ധ ഡോക്ടര്‍മാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയതായി ജില്ലാ കളക്ടര്‍ എസ് സുഹാസ്. 92 ആശുപത്രി പ്രതിനിധികള്‍ വിഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. സ്വകാര്യ ആശുപത്രികളുടെ ആശങ്കകള്‍ക്കും പരാതികള്‍ക്കും ഡബ്ല്യുഎച്ച്ഒ കണ്‍സള്‍ട്ടന്റ് ഡോ. പി എസ് രാഗേഷ്, ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ സവിത, ഡോ. മാത്യൂസ് നമ്പേലി, ഡോ.നിഖിലേഷ് എന്നിവര്‍ മറുപടി നല്‍കി.

കൊവിഡിനെ പ്രതിരോധിക്കാന്‍ സ്വകാര്യ ആശുപത്രികളും സര്‍ക്കാര്‍ സംവിധാനത്തോട് സഹകരിച്ച് മുന്നോട്ടുപോകണം. ആശുപത്രിയില്‍ എത്തുന്ന പനി ലക്ഷണമുള്ള എല്ലാവരെയും കൊറോണ രോഗികളായി കാണേണ്ടതില്ല. ശ്വാസതടസം പോലുള്ള അസുഖമുള്ളവര്‍ക്ക് മാസ്‌കോ, തൂവാലയോ നിര്‍ബന്ധമായും നല്‍കണം. കൈകള്‍ ശുചിയാക്കുന്നതിനുള്ള സൗകര്യം എല്ലാവര്‍ക്കും നല്‍കണം. വീട്ടില്‍ വിദേശത്തു നിന്നുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ ജോലിക്ക് വരാമോ എന്ന സംശയമാണ് കോണ്‍ഫറന്‍സില്‍ പലരും ഉന്നയിച്ചത്. ഇത്തരത്തിലുള്ള നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ജോലിക്ക് വരുന്നതില്‍ തടസമില്ല. പക്ഷേ വ്യക്തി ശുചിത്വം കൃത്യമായി പാലിക്കണം. മറ്റുള്ളവരില്‍ നിന്ന് ഒരു മീറ്റര്‍ അകലം പാലിക്കണം. ജലദോഷമോ പനിയുടെ ലക്ഷണമോ തോന്നിയാല്‍ വീട്ടില്‍ വിശ്രമത്തില്‍ കഴിയണം.

രോഗലക്ഷണങ്ങളുള്ള വ്യക്തിക്ക് കോവിഡ് ടെസ്റ്റ് പരിശോധിക്കേണ്ടതുണ്ടെങ്കില്‍ സ്രവം കണ്‍ട്രോള്‍ റൂം മുഖേന മാത്രമേ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കാന്‍ കഴിയൂ. അതിനാല്‍ ഇത്തരം കാര്യങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. ചികിത്സയിലുള്ള ആര്‍ക്കെങ്കിലും രോഗം സ്ഥിരീകരിച്ചാല്‍ ആശുപത്രിയില്‍ തന്നെ ഐസൊലേഷന്‍ സൗകര്യം ഒരുക്കേണ്ടതാണ്. ഇതിനു സൗകര്യങ്ങളില്ലാത്ത സ്വകാര്യ ആശുപത്രികളുണ്ടെങ്കില്‍ ആരോഗ്യ വകുപ്പ് തുടര്‍ ചികിത്സ ഏറ്റെടുക്കും.

വിദേശത്തു നിന്ന് വന്ന ആരെങ്കിലും പനിയുടെ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ എത്തിയാല്‍ കൊറോണ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കണം. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം അറിയിക്കുന്ന സര്‍ക്കാര്‍ ആശുപത്രിയില്‍ മാത്രമേ പോകാവൂ. അതിനുള്ള വാഹന സൗകര്യവും വകുപ്പ് നല്‍കും. മുഴുവന്‍ പനിയും കൊറോണ ലക്ഷണമായി കാണേണ്ടതില്ല. രോഗികളുടെ കഴിഞ്ഞ 14 ദിവസത്തെ യാത്രകളും മറ്റും പരിശോധിച്ചാണ് ഇതില്‍ തീരുമാനമെടുക്കേണ്ടതെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

Story Highlights: coronavirus, Covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top