മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ രാജ്യസഭ സ്ഥാനലബ്ധിക്കെതിരേ നിയമവിദഗ്ധർ

സുപ്രിംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ രാജ്യസഭ സ്ഥാനലബ്ധിക്കെതിരേ നിയമവിദഗ്ധരും. സ്വന്തം വിധിന്യായത്തെ തന്നെ ലംഘിക്കുന്ന പ്രവർത്തിക്കാണ് മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി കൂട്ടിനിൽക്കുന്നതെന്നാണ് നിയമഞ്ജർ ചൂണ്ടിക്കാണിക്കുന്നത്. ട്രിബ്യൂണൽ അംഗങ്ങളെ വിരമിച്ചശേഷം മറ്റ് സ്ഥാനങ്ങളിൽ പുനർനിയമിക്കുന്നതിനെതിരേ രഞ്ജൻ ഗൊഗോയി അധ്യക്ഷനായിരുന്ന ഭരണഘടന ബഞ്ച് വിധി പുറപ്പെടുവിച്ചിട്ടുള്ളതാണ്. ഇങ്ങനെയൊരു വിധി പുറപ്പെടുവിക്കുന്നത് ഗൊഗോയി സുപ്രിംകോടതിയിൽ നിന്ന് വിരമിക്കുന്നതിന് തൊട്ടുമുൻപായിരുന്നു.
പുനർനിയമനങ്ങൾ സംഭവിക്കുകയാണെങ്കിൽ അത് ട്രിബ്യൂണൽ അംഗങ്ങളുടെ സ്വതന്ത്രമായ പ്രവർത്തനത്തെ ബാധിക്കുമെന്നായിരുന്നു ട്രിബ്യൂണൽ നിയമനവുമായി ബന്ധപ്പെട്ട റോജർ മാത്യു കേസിൽ ഗൊഗോയിയുടെ ബെഞ്ച് വിധിയിലൂടെ ചൂണ്ടിക്കാട്ടിയത്. വിരമിച്ച ശേഷം പദവികൾ നൽകുന്നത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുമെന്ന വിധിയിലെ പ്രധാന വസ്തുതയെയാണ് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിച്ച് വെറും നാലുമാസം കഴിയുമ്പോഴേക്കും രാജ്യസഭ അംഗമാകാൻ കഴിയുന്നതിലൂടെ ഗൊഗോയി തന്നെ ലംഘിക്കുന്നതെന്നാണ് മുൻ ന്യായാധിപന്മാർ ഉൾപ്പെടെ വിമർശനാത്മകമായി ചൂണ്ടിക്കാണിക്കുന്നത്.
ദേശീയ ഹരിത ട്രിബ്യൂണൽ അധ്യക്ഷൻ, മനുഷ്യാവകാശ കമ്മിഷൻ, ദേശീയ ദുരന്തനിവാരണ അധ്യക്ഷൻ തുടങ്ങിയ സ്ഥാനങ്ങളിൽ സുപ്രിംകോടതി ജഡ്ജിമാരെയാണ് നിയമിക്കുന്നത്. അതിനു കാരണം ആ സ്ഥാനങ്ങളിലേക്ക് മുൻ ജഡ്ജിമാരെ മാത്രമേ നിയമിക്കാവൂ എന്ന് വ്യവസ്ഥയുള്ളതുകൊണ്ടാണ്. എന്നാൽ, വിരമിച്ച് വെറും നാല് മാസം കൊണ്ട് രാജ്യസഭ എംപിയാകാൻ ഗൊഗോയിക്ക് കഴിയുന്നത് നീതിന്യായവ്യവസ്ഥയെ തന്നെ സംശയത്തിന് കീഴിലാക്കുമെന്നാണ് നിയമവിദഗ്ദർ വ്യക്തമാക്കുന്നത്.
മുൻ ചീഫ് ജസ്റ്റിസ് രംഗനാഥ മിശ്രയുടെ രാജ്യസഭ അംഗത്വവുമായി ബന്ധപ്പെടുത്തി ഗൊഗോയിയുടെ സ്ഥാനലബ്ധിയെ ഒരുവിഭാഗം ന്യായീകരിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ വിരമിച്ച് ഏഴു വർഷം കഴിഞ്ഞായിരുന്നു മിശ്ര രാജ്യസഭയിൽ എത്തുന്നത്. അതും കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് ജയിച്ച്. ഇവിടെ രഞ്ജൻ ഗൊഗോയിയെ രാഷ്ട്രപതി നേരിട്ടാണ് നാമനിർദേശം ചെയ്തിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here