Advertisement

നിർഭയ കേസ്: വധശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി പ്രതികൾ

March 18, 2020
Google News 2 minutes Read

നിർഭയ കേസിലെ വധശിക്ഷ നടപ്പാക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കേ, വധശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി നാല് പ്രതികളും ഡൽഹി പട്യാല ഹൗസ് കോടതിയെ സമീപിച്ചു. രണ്ട് പ്രതികൾ ദയാഹർജി സമർപ്പിച്ചെന്നും ഒരു പ്രതി തിരുത്തൽ ഹർജി സമർപ്പിച്ചെന്നുമാണ് വാദം. തീഹാർ ജയിൽ അധികൃതർക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ട കോടതി, നാളെ വാദം കേൾക്കാമെന്ന് വ്യക്‌തമാക്കി. അതേസമയം, തീഹാർ ജയിലിൽ ഒരുക്കങ്ങൾ തകൃതിയായി. ആരാച്ചാർ പവൻ ജെല്ലാദിന്റെ മേൽനോട്ടത്തിൽ ഡമ്മി പരീക്ഷണം നടത്തി.

വെള്ളിയാഴ്ച്ച പുലർച്ചെ അഞ്ച് മുപ്പതിന് നാല് പ്രതികളെയും തൂക്കിലേറ്റാനാണ് മരണവാറന്റ്. ഇത് സ്റ്റേ ചെയ്യണമെന്നാണ് പ്രതികളുടെ ആവശ്യം. പവൻകുമാറും അക്ഷയ്കുമാർ സിംഗും രാഷ്ട്രപതിക്ക് രണ്ടാമതും ദയാഹർജി സമർപ്പിച്ചു. പവൻകുമാറിന്റെ തിരുത്തൽ ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കുകയാണെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. രണ്ടാമതും ദയാഹർജി സമർപ്പിക്കാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്ന് സർക്കാർ അഭിഭാഷകൻ വ്യക്‌തമാക്കി. പതിനൊന്നാം മണിക്കൂറിലാണ് പ്രതികൾ എപ്പോഴും സമീപിക്കുന്നതെന്ന് കോടതി പറഞ്ഞു.

അതേസമയം, സംഭവസമയത്ത് പ്രായപൂർത്തിയായില്ലെന്ന പ്രതി മുകേഷ് സിംഗിന്റെ ഹർജി ഡൽഹി ഹൈക്കോടതി വിധി പറയാൻ മാറ്റി. ഇതിനിടെ, വധശിക്ഷയ്ക്ക് മുന്നോടിയായുള്ള നടപടികൾ തീഹാർ ജയിൽ അധികൃതർ ഊർജിതമാക്കി. മീററ്റ് ജയിലിൽ നിന്നെത്തിയ ആരാച്ചാർ പവൻ ജെല്ലാദ് ഡമ്മി പരീക്ഷണം നടത്തി. ആരാച്ചാർക്ക് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എട്ട് കയറുകൾ തയാറാക്കി സൂക്ഷിച്ചിട്ടുണ്ട്. നാലെണ്ണം കരുതൽ ശേഖരമാണ്. ഓരോ പ്രതികളെയും തൂക്കിലേറ്റുന്നതിന് ഇരുപതിനായിരം രൂപ വീതമാണ് ആരാച്ചാർക്ക് നൽകുക.

Story Highlights: Nirbhaya case accused demand for stay on death row

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here