നഗരത്തിൽ ആളില്ല; ജലമലിനീകരണം കുറഞ്ഞു: വെനീസ് കായലുകളിൽ അരയന്നങ്ങളും ഡോൾഫിനുകളും മടങ്ങിയെത്തി

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ലോകമെമ്പാടും കനത്ത ജാഗ്രതയിലാണ്. ആളുകൾ കൂടുന്ന ഇടങ്ങൾ പരമാവധി ഒഴിവാക്കണമെന്ന നിർദ്ദേശം അക്ഷരാർത്ഥത്തിൽ വിജനമായ തെരുവുകളാണ് ലോകമെങ്ങും ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഇറ്റലിയിലെ അതിരൂക്ഷ സാഹചര്യം ദിനം പ്രതി വഷളായിക്കൊണ്ടിരിക്കുകയാണ്. മരണ നിരക്ക് ക്രമാതീതമായി വർധിക്കുന്നതിനൊപ്പം ആളുകൾ പുറത്തിറങ്ങാൻ തന്നെ മടി കാണിക്കുകയാണ്.

ഇറ്റലിയിലെ അതിപ്രശസ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് വെനീസ്. കായലുകളുടെ പട്ടണം എന്നാണ് വെനീസ് അറിയപ്പെടുന്നത്. നിരവധി ജലാശയങ്ങളും കനാലുകളും ജല ഗതാഗതവുമൊക്കെയാണ് വെനീസ് പട്ടണത്തിൻ്റെ സൗന്ദര്യം. ആലപ്പുഴയെ കിഴക്കിൻ്റെ വെനീസ് എന്ന് വിളിക്കാനുള്ള കാരണവും ഇത് തന്നെ. വെനീസും ഇപ്പോൾ വിജനമാണ്. ആൾത്തിരക്കൊഴിഞ്ഞിരിക്കുന്നു. കനാലുകളിലൂടെ ബോട്ട് സർവീസ് ഇല്ല. വിനോദ സഞ്ചാരികളും ഇല്ല. ഇതൊക്കെ ഇല്ലാതായപ്പോൾ കായലുകളിലെ ജലമലിനീകരണം ക്രമാതീതമായി കുറഞ്ഞു. വെനീസ് കായലുകളിലെ ജലം ഇപ്പോൾ നന്നായി തെളിഞ്ഞിട്ടുണ്ടെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ഒപ്പം വെനീസിലെ വായുവും ശുദ്ധമായി. അതുകൊണ്ട് തന്നെ, വെനീസ് കനാലുകളിൽ നിന്ന് അപ്രത്യക്ഷരായ ഡോൾഫിനുകളും അരയന്നങ്ങളും ഇപ്പോൾ തിരികെ എത്തിയിരിക്കുകയാണ്. ഇതിൻ്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

അതേ സമയം, ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 7415 ആയി. ചൈനയില്‍ 3,226 പേരും ഇറ്റലിയില്‍ 2,158 പേരും മരിച്ചു. ലോകത്താകെ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തി എണ്‍പതിനായിരം കടന്നു. കൊവിഡ് 19 മൂലം ഇറാനില്‍ മരിച്ചവരുടെ എണ്ണം 988 ആയപ്പോള്‍ സ്പെയിനില്‍ മരണസംഖ്യ 342 ആയി. അമേരിക്കയില്‍ 71 ഉം ഫ്രാന്‍സില്‍ 148 ഉം ദക്ഷിണ കൊറിയയില്‍ 81 ഉം പേര്‍ മരിച്ചു. ബ്രിട്ടനില്‍ 55 ഉം നെതര്‍ലന്റ്സിലും ജപ്പാനിലും 24 വീതവും പേര്‍ മരിച്ചപ്പോള്‍ സ്വിറ്റ്സര്‍ലന്റിലെയും ജര്‍മനിയിലെയും മരണസംഖ്യ 14 വീതമാണ്. ഫിലിപ്പൈന്‍സിലെ മരണസംഖ്യ 12 ആയി ഉയര്‍ന്നു.


Story Highlights: swans & Dolphins Return To Venice’s Canals, As Air, Water Quality Improves During Lockdown

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top