കൊവിഡ് 19: തീയറ്ററുകൾ അടച്ചിട്ട സാഹചര്യത്തിൽ വായ്പകൾക്ക് ഇളവ് നൽകണമെന്ന് ഫിലിം ചേംബർ

കോവിഡ് 19 ജാഗ്രതയ്ക്കായി തീയേറ്ററുകൾ അടച്ച സാഹചര്യത്തിൽ വായ്പകൾക്ക് ഇളവ് ആവശ്യപ്പെട്ട് ഫിലിം ചേംബർ മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. തീയേറ്ററുകൾ നവീകരിക്കാൻ എടുത്ത വായ്പക്ക് 6 മാസത്തേയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണം. വൈദ്യുതി ബിൽ അടക്കുന്നതിന് 3 മാസത്തെ സാവകാശം വേണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. വിനോദ നികുതി, കെട്ടിട നികുതി എന്നിവ അടക്കാൻ 3 മാസത്തെ സാവകാശം അനുവദിക്കണമെന്നും ഫിലിം ചേംബർ സർക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്. തീയേറ്ററുകൾ അടച്ച പശ്ചാത്തലത്തിൽ സിനിമാ വ്യവസായം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതിനാലാണ് മുഖ്യമന്ത്രിക്ക് ഇളവ് ആവശ്യപ്പെട്ട് നേരിട്ട് കത്തെഴുതുന്നതെന്ന് ഫിലിം ചേംബർ വ്യക്തമാക്കി.
അതേ സമയം, രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 153 ആയി. ബംഗളൂരുവിലാണ് ഒടുവിൽ രോഗം സ്ഥിരീകരിച്ചത്. ലക്‌നൗവിൽ കൊവിഡ് രോഗിയെ ചികിത്സിച്ച ഡോക്ടർക്കും വൈറസ് ബാധ കണ്ടെത്തി. കരസേനയിൽ കൊവിഡ് സ്ഥിരീകരിച്ചത്തോടെ ലഡാക്ക് സ്‌കൗട്ട് യൂണിറ്റിലെ ജവാന്മാരെ നിരീക്ഷണത്തിലേയ്ക്ക് മാറ്റി.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 124 ഇന്ത്യക്കാർക്കും, 25 വിദേശികൾക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 14 പേർ രോഗമുക്തരായി. കേന്ദ്ര ഭരണ പ്രദേശമായ മാഹിയെ കൂടാതെ 16 സംസ്ഥാനങ്ങളിലും വൈറസ് ബാധ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ളത്. അതിവേഗം വൈറസ് പടരുന്ന മഹാരാഷ്ട്രയിലെ പൂനെയിൽ 850 ഹോട്ടലുകൾ മാർച്ച് 20 വരെ അടച്ചു.
ഒരുമാസത്തേക്ക് പൊതുപരിപാടികൾ, പ്രകടനങ്ങൾ എന്നിവ ഒഴിവാക്കാൻ ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ സംസ്ഥാന ഘടകങ്ങൾക്ക് നിർദേശം നൽകി. മലേഷ്യ, ഫിലിപ്പീൻസ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും യാത്രാവിലക്ക് ഏർപ്പെടുത്തി. പല സംസ്ഥാനങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങൾ മുൻകരുതലിന്റെ ഭാഗമായി അടച്ചു.
Story Highlights: Film Chamber says loans should be concession
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here