കൊവിഡ് 19; ഓട്ടോ, ടാക്‌സി ഫിറ്റ്‌നസ് ചാര്‍ജില്‍ ഇളവ്; ബസുകള്‍ക്ക് ടാക്‌സിലും ഇളവ് നല്‍കും

കൊവിഡ് 19 പശ്ചാത്തലത്തില്‍ ഓട്ടോറിക്ഷകള്‍, ടാക്‌സികള്‍ എന്നിവയുടെ ഫിറ്റ്‌നസ് ചാര്‍ജില്‍ ഇളവ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ബസുകള്‍ക്ക് ടാക്‌സില്‍ ഇളവ് നല്‍കും. സ്റ്റേജ് കാര്യേജ് ബസുകള്‍ക്ക് മൂന്ന് മാസത്തെ ടാക്‌സില്‍ ഒരു മാസത്തേത് ഇളവ് ചെയ്ത് നല്‍കും. കോണ്‍ട്രാക്റ്റ് കാര്യേജുകള്‍ക്കും തത്തുല്യമായ ഇളവ് നല്‍കും. മൊത്തം 23.60 കോടി രൂപയുടെ ഇളവാണ് നല്‍കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

വൈദ്യുതി, വാട്ടര്‍ അതോറിറ്റി ബില്ലുകള്‍ അടയ്ക്കുന്നതിന് ഒരു മാസത്തെ സാവകാശം നല്‍കും. സിനിമാ തിയറ്ററുകള്‍ക്ക് എന്റര്‍ടെയ്ന്‍മെന്റ് ടാക്‌സില്‍ ഇളവ് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് 19 പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ സംസ്ഥാനത്തെ സാമ്പത്തിക മേഖല തിരിച്ചുപിടിക്കാന്‍ 20,000 കോടി രൂപയുടെ പ്രത്യേക പാക്കേജും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കുടുംബശ്രീ വഴി വരുന്ന രണ്ട് മാസങ്ങളില്‍ 2000 കോടി രൂപയുടെ വായ്പ ലഭ്യമാക്കും.

Read More: കൊവിഡ് 19: പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാനത്ത് 20,000 കോടി രൂപയുടെ പ്രത്യേക പാക്കേജ്

ഏപ്രില്‍, മെയ് മാസങ്ങളില്‍ ഓരോ മാസവും 1000 കോടി രൂപ വീതമുള്ള ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കും. ഏപ്രിലില്‍ നല്‍കേണ്ട സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഈ മാസം തന്നെ നല്‍കും. രണ്ട് മാസത്തെ പെന്‍ഷന്‍ തുക ഒരുമിച്ചാകും നല്‍കുക. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങാത്ത ബിപിഎല്‍, അന്ത്യോദയ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് 1000 രൂപ വീതം നല്‍കും. ഇതിനായി 100 കോടി രൂപ വിനിയോഗിക്കും.

സംസ്ഥാനത്താകെ എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരു മാസത്തെ ഭക്ഷ്യധാന്യം നല്‍കും. ബിപിഎല്‍, അന്ത്യോദയ വിഭാഗത്തിന് പുറമെയുള്ളവര്‍ക്ക് 10 കിലോ എന്ന നിലയിലാണ് നല്‍കുക. ഇതിനായി 100 കോടി രൂപ വകയിരുത്തും. 20 രൂപയ്ക്ക് ഭക്ഷണം നല്‍കുന്ന 1000 ഭക്ഷണ ശാലകള്‍ ഏപ്രില്‍ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇതിനായി 50 കോടി രൂപ ചെലവഴിക്കും.
ഹെല്‍ത്ത് പാക്കേജിനായി 500 കോടി രൂപ വകയിരുത്തി. ഇതോടൊപ്പം വിവിധ മേഖലകളിലുള്ള കുടിശികകള്‍ കൊടുത്തു തീര്‍ക്കാനായി 14000 കോടി രൂപ ചെലവഴിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Story Highlights: coronavirus, Covid 19,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top