കൊവിഡ് 19 രോഗമുണ്ടോയെന്ന് സ്ഥിരീകരിക്കുന്നത് എങ്ങനെ…?

അടുത്തിടെ എല്ലാവരും മുടങ്ങാതെ ചോദിക്കുന്ന ഒരു ചോദ്യമാണ് ഇന്ന് കൊവിഡ് 19 പോസിറ്റീവ് കേസ് ഉണ്ടോയെന്ന്. ഇല്ലെന്നറിയുമ്പോള്‍ ആശ്വാസവും ഉണ്ടെന്നറിയുമ്പോള്‍ അതിന് പിന്നാലെയുണ്ടാകുന്ന ആശങ്കകളുമാണ് ബാക്കി. എന്നാല്‍ ഈ സ്ഥിരീകരണത്തിന് പിന്നില്‍ വൈറോളജി ലാബുകളും അവിടെ 24 മണിക്കൂറും സേവനം അനുഷ്ഠിക്കുന്ന ജീവനക്കാരുമാണുള്ളത്.
കേരളത്തില്‍ ഇപ്പോള്‍ ഏഴ് ലാബുകളിലാണ് കോവിഡ് 19 പരിശോധിക്കാനുള്ള സംവിധാനങ്ങളുള്ളത്. എന്‍ഐവി ആലപ്പുഴയിലായിരുന്നു ആരംഭ ഘട്ടത്തില്‍ പരിശോധനകള്‍ നടത്തിയിരുന്നത്.
ഈ മാസം 10 ന് കോഴിക്കോട് മെഡിക്കല്‍ കോളജിലും 11 ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും (വൈറസ് റിസര്‍ച്ച് ആന്‍ഡ് ഡയഗ്നോസ്റ്റിക് ലബോറട്ടി) ആരംഭിച്ചു. 16 ന് തൃശൂര്‍ മെഡിക്കല്‍ കോളജിലും ഒന്നാംഘട്ട പരിശോധനയ്ക്കുള്ള വിആര്‍ഡിഎല്‍ ആരംഭിച്ചിട്ടുണ്ട്. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, പബ്ലിക് ഹെല്‍ത്ത് ലാബ്, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി എന്നിവയ്ക്കും കഴിഞ്ഞ ദിവസം ഐസിഎംആര്‍ അനുമതി നല്‍കിയിരുന്നു.
സാമ്പിളുകള്‍ എടുക്കുന്നതെങ്ങനെ ?
കൊവിഡ് 19 രോഗലക്ഷണമുള്ളവരുടെ സാമ്പിളുകള്‍ മാത്രമാണ് പരിശോധനക്കായി എടുക്കുന്നത്. വ്യക്തിഗത സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് രോഗലക്ഷണമുള്ള വ്യക്തികളുടെ മൂക്കിലേയും തൊണ്ടയിലേയും സ്രവങ്ങള്‍ സ്റ്റെറൈല്‍ സ്വാബ് ഉപയോഗിച്ച് വൈറല്‍ ട്രാന്‍സ്പോര്‍ട്ട് മീഡയത്തിലാണ് (വിടിഎം) ശേഖരിക്കുന്നത്. ഇതിനെ ട്രിപ്പിള്‍ ലെയര്‍ പാക്കിംഗ് ചെയ്ത് സുരക്ഷിതമാക്കുന്നു. അതില്‍ രോഗിയുടെ പേര്, വയസ്, സ്ത്രീയോ പുരുഷനോ, ഐഡി നമ്പര്‍ എന്നിവ വ്യക്തമായി രേഖപ്പെടുത്തുന്നു. ഇതിനോടൊപ്പം രോഗവിവരവും യാത്രാ വിവരവും രേഖപ്പെടുത്തിയ റിക്വസ്റ്റ് ഫോം, അയയ്ക്കുന്ന വ്യക്തികളുടെ പൂര്‍ണ മേല്‍വിലാസവും ഫോണ്‍നമ്പരും എന്നിവ നല്‍കണം.
ലാബിലേക്ക് അയക്കുന്നതെങ്ങനെ ?
തൊട്ടടുത്ത് പരിശോധനാ സംവിധാനമുള്ള ലാബിലാണ് അയക്കുന്നതെങ്കില്‍ ട്രിപ്പിള്‍ ലെയര്‍ പാക്കിംഗാണ് ഉപയോഗിക്കുന്നത്. പൂനെ വൈറോളജി ലാബിലോ വിദൂര സ്ഥലത്തേക്കോ ആണ് അയക്കുന്നതെങ്കില്‍ ഡ്രൈ ഐസ് പാക്ക് സൗകര്യമുള്ള തെര്‍മോകോള്‍ ബോക്സിലാണ് അയക്കുന്നത്. രണ്ട് ദിവസം വരെ ഈ സാമ്പിളുകള്‍ ഉപയോഗിക്കാനാകും. വൈറോളജി ലാബിലെത്തിയാല്‍ ഈ സാമ്പിളുകള്‍ ഫ്രീസറിലേക്ക് മാറ്റും. കൂടുതല്‍ ദിവസങ്ങളില്‍ സൂക്ഷിക്കുന്നെങ്കില്‍ 80 ഡിഗ്രിയിലുള്ള ഡീപ്പ് ഫ്രീസറിലേക്ക് മാറ്റും.
കൊവിഡ് ഇല്ലെന്ന് എങ്ങനെ സ്ഥിരീകരിക്കും
രണ്ട് തരം പരിശോധനകളിലൂടെയാണ് കൊവിഡ് 19 സ്ഥിരീകരിക്കുന്നത്. ഇജീന്‍ പരിശോധനകള്‍ക്കായുള്ള റിയല്‍ടൈം റിവേഴ്സ് ട്രാന്‍സ്ക്രിപ്റ്റേഴ്സ് പിസിആര്‍ എന്ന മോളിക്കുളാര്‍ പരിശോധനയാണ് ആദ്യം നടത്തുന്നത്. എന്‍ഐവി പൂനയില്‍ നിന്നും ലഭിക്കുന്ന റീയേജന്റ് കിറ്റുപയോഗിച്ചാണ് ഈ പരിശോധന നടത്തുന്നത്. ആദ്യമായി മീഡിയത്തിലെത്തുന്ന സാമ്പിളുകളില്‍ നിന്ന് ആര്‍എന്‍എയെ വേര്‍തിരിക്കുന്നു. ഇതിന് മൂന്ന് മുതല്‍ നാല് മണിക്കൂര്‍ വേണം. ഇതിനെ റിയല്‍ ടൈം പിസിആര്‍ മെഷീനില്‍ വയ്ക്കുന്നു. ഈ മെഷീനിലൂടെ രണ്ട് മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം ലഭിക്കുന്നതാണ്. കൊവിഡ് ഇല്ലെങ്കില്‍ ഈ പരിശോധനയില്‍ തന്നെ അറിയാനാകും. ഇജീന്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിക്കാനാകും. സങ്കീര്‍ണമായ ഇത്തരത്തിലുള്ള 40 ഓളം ഒന്നാംഘട്ട പരിശോധനകളാണ് ഒരു ലാബില്‍ 24 മണിക്കൂറിനുള്ളില്‍ ചെയ്യാന്‍ കഴിയുക.
കൊവിഡ് ഉണ്ടെന്ന് എങ്ങനെ സ്ഥിരീകരിക്കും
കൊവിഡ് 19 സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനയാണ് രണ്ടാമത്തേത്. ഇജീന്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍ പിന്നെ രോഗം സ്ഥിരീകരിക്കാന്‍ ഒരു പരിശോധന കൂടി നടത്തണം. ആര്‍ഡിആര്‍പി, ഒആര്‍എഫ് 1 ബി ജീനുകള്‍ കണ്ടെത്താനുള്ള പരിശോധനയാണിത്. ഇതിനായി വേര്‍തിരിച്ച ആര്‍എന്‍എയെ റിയല്‍ ടൈം പിസിആര്‍ മെഷീനില്‍ വയ്ക്കുന്നു. മൂന്ന് മണിക്കൂറിനുള്ളില്‍ ഈ ഫലവും ലഭിക്കുന്നു. ആര്‍ഡിആര്‍പി, ഒആര്‍എഫ് 1 ബി ജീനുകള്‍ കണ്ടെത്തിയാല്‍ കൊവിഡ് 19 രോഗമുണ്ടെന്ന് സ്ഥിരീകരിക്കുന്നു. ഈ ഫലം ഔദ്യോഗികമായി ആരോഗ്യ വകുപ്പിനെ അറിയിക്കുന്നു.
എന്‍ഐവി ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളജ്, തിരുവനന്തപുരം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ രണ്ടാംഘട്ട പരിശോധന നടത്താനുള്ള സംവിധാനങ്ങളുണ്ട്. എന്‍ഐവി പൂനെ നിഷ്കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങളും ഗുണനിലവാരവും നിലനിര്‍ത്തുന്ന തരത്തിലുള്ള സംവിധാനമാണ് എല്ലാ സെന്ററുകളിലും സജ്ജമാക്കിയിരിക്കുന്നത്. അധികം വരുന്ന സാമ്പിളുകളില്‍ നിന്നും രോഗപകര്‍ച്ച ഉണ്ടാകാതിരിക്കാന്‍ ഹൈപ്പോക്ലോറൈറ്റ് ഉപയോഗിച്ച് നശിപ്പിച്ച് കളയുന്നു.
രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുന്നതെങ്ങനെ ?
രോഗം സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ 48 മണിക്കൂറിന് ശേഷം ആ രോഗിയുടെ സാമ്പിള്‍ വീണ്ടും പരിശോധിക്കുന്നു. അങ്ങനെ രണ്ട് പ്രാവശ്യം പരിശോധനാ ഫലം നെഗറ്റീവ് കിട്ടിയാല്‍ മാത്രമേ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുകയുള്ളൂ.
പരിശോധന തികച്ചും സൗജന്യം
ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് ഓരോ വൈറോളജി ലാബും സജ്ജമാക്കിയിരിക്കുന്നത്. 2500 ഓളം സാമ്പിള്‍ പരിശോധനകളാണ് കേരളത്തിലെ വൈറോളജി ലാബുകളില്‍ നടത്തിയത്. ആദ്യത്തെ മൂന്ന് പോസിറ്റീവ് കേസുകളൊഴികെ 24 പോസിറ്റീവ് കേസുകളും സ്ഥിരീകരിച്ചത് ഇവിടെതന്നെയാണ്. ചില ടെസ്റ്റുകള്‍ വീണ്ടും സ്ഥിരീകരിക്കാനായി എന്‍ഐവി പൂനെയിലേക്ക് അയച്ചിരുന്നു. 3,000 രൂപ ചെലവ് വരുന്ന പരിശോധന തികച്ചും സൗജന്യമാണ്.
Story Highlights: coronavirus, Covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here