സ്വപ്ന സാക്ഷാത്കാരം; ക്വാഡന് മലയാള സിനിമയിൽ അവസരം നൽകി ഗിന്നസ് പക്രു

ഉയരക്കുറവിൻ്റെ പേരിൽ സഹപാഠികൾ പരിഹസിച്ച ക്വാഡന്‍ ബെയില്‍സ് എന്ന 9 വയസ്സുകാരൻ്റെ കഥ ലോകം മുഴുവൻ അറിഞ്ഞതാണ്. ലോക വ്യാപകമായി ഒട്ടേറെ ആളുകൾ ക്വാഡന് പിന്തുണ അർപ്പിച്ചിരുന്നു. സാധാരണക്കാരും സെലബ്രിറ്റികളും അടങ്ങുന്ന ഒരു കൂട്ടം ആളുകൾ ക്വാഡനെ ആശ്വസിപ്പിച്ച് സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും രംഗത്തെത്തി. ഇതിൽ പെട്ട ഒരാളായിരുന്നു മലയാളിയുടെ സ്വന്തം ഗിന്നസ് പക്രു. ഗിന്നസ് പക്രുവിന് നന്ദി പറഞ്ഞ് ക്വാഡൻ രംഗത്തെത്തിയിയിരുന്നു. പക്രുവിനെപ്പോലെ സിനിമാ താരമാവാനാണ് തൻ്റെ ആഗ്രഹമെന്നും ക്വാഡൻ പറഞ്ഞു. ഇപ്പോഴിതാ ക്വാഡന് മലയാള സിനിമയിൽ അഭിനയിക്കാൻ അവസരം നൽകിയിരിക്കുകയാണ് ഗിന്നസ് പക്രു. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പക്രു ക്വാഡന് സ്വപ്ന മേഖലയിൽ അവസരം നൽകുന്ന വിവരം അറിയിച്ചത്.
‘ക്വാഡന് മലയാള സിനിമയിൽ അവസരം. കൊറോണ രോഗ ഭീതിയൊഴിഞ്ഞാലുടൻ നമ്മൾ ദൈവത്തിന്റെ സ്വന്തം നാട്ടിൽ കാണുന്നു. സ്വാഗതം. –പക്രു കുറിച്ചു. ഉണ്ണിദാസ് കൂടത്തിൽ സംവിധാനം ചെയ്യുന്ന ജാനകി എന്ന സിനിമയിലൂടെയാണ് ക്വാഡന്‍ മലയാളത്തില്‍ എത്തുക. ബോഡിഷെയ്മിങ്ങിനെ കുറിച്ച് പറയുന്ന ചിത്രത്തിനു വേണ്ടി ക്വാഡനെ സമീപിച്ചിട്ടുണ്ടെന്ന് സംവിധായകനും അറിയിച്ചു.
‘പക്രുവിന്റെ പോലെ ക്വാഡന്റെയും ആഗ്രഹം ഒരു അഭിനേതാവ് ആകുകയെന്നുള്ളതാണ്. അവനും അദ്ദേഹത്തെപ്പോലെ നടനാകണം. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വാക്കുകൾ മകന് വലിയ പ്രചോദനമാണ് നൽകിയത്. ശ്രവണ സഹായിയുടെ സഹായത്തോടെയല്ലാതെ ക്വാഡന് കേൾക്കാനാകില്ല. അതിനാൽ പക്രുവുമായുള്ള വിഡിയോ കോളിനായി ക്വാഡൻ കാത്തിരിക്കുകയാണ്. എന്നെങ്കിലും ഇന്ത്യയിലെത്തിയാൽ അദ്ദേഹത്തെ കാണും’- പക്രുവിന് നന്ദി അർപ്പിച്ചു ക്വാഡൻ്റെ അമ്മ യരാഖ ബെയിൽസ് പറഞ്ഞിരുന്നു.
നേരത്തെ, ക്വാഡൻ്റെ അമ്മ പങ്കുവെച്ച വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടാണ് പക്രു 9 വയസ്സുകാരന് തൻ്റെ പിന്തുണ അറിയിച്ചത്. ക്വാഡനെപ്പോലെ ഒരിക്കൽ താനും കരഞ്ഞിട്ടുണ്ടെന്നും ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത് എന്നും പക്രു കുറിച്ചു. നീ കരയുമ്പോൾ നിന്റെ അമ്മ തോൽക്കും എന്നും പക്രു ഫേസ്ബുക്ക് കുറിപ്പിൽ സൂചിപ്പിച്ചിരുന്നു.
അമ്മ പങ്കുവച്ച വീഡിയോയിൽ, തൻ്റെ കൂട്ടുകാർ കുള്ളനെന്നു വിളിച്ച് തന്നെ കളിയാക്കുകയാണെന്നാണ് ക്വാഡൻ കരഞ്ഞു കൊണ്ട് പറഞ്ഞത്. ‘കത്തി കൊണ്ട് എനിക്ക് എന്റെ ഹൃദയം തകര്‍ക്കണം, എന്നെ ആരെങ്കിലും ഒന്നു കൊന്നു തരണമെ’ന്നും ക്വാഡൻ പറഞ്ഞു. തനിക്ക് ആത്മഹത്യ ചെയ്യണമെന്നും ക്വാഡൻ കരഞ്ഞു കൊണ്ട് വീഡിയോയിലൂടെ പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here