കൊവിഡ് 19: പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ തയാറെന്ന് സ്വകാര്യ ആശുപത്രികള്‍

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പൂര്‍ണമായും സഹകരിക്കാന്‍ തയാറാണെന്ന് എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍. മന്ത്രി വി എസ് സുനില്‍ കുമാറുമായി നടത്തിയ ചര്‍ച്ചയിലാണ് സ്വകാര്യ ആശുപത്രി പ്രതിനിധികള്‍ പിന്തുണ പ്രഖ്യാപിച്ചത്.

25ല്‍ അധികം ആശുപത്രി പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. ആറ് ഐസോലേഷന്‍ വാര്‍ഡുകള്‍, 94 ഐസിയു ബെഡുകള്‍, 197 ഐസൊലേഷന്‍ ബെഡുകള്‍, 35 വെന്റിലേറ്ററുകള്‍, 120 വാര്‍ഡ് ബെഡുകള്‍ എന്നിവ സജ്ജമാക്കുന്നതിനുള്ള സന്നദ്ധത സ്വകാര്യ ആശുപത്രികള്‍ അറിയിച്ചു. വരുംദിവസങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കേണ്ട സാഹചര്യമുണ്ടായാല്‍ സ്വകാര്യ ആശുപത്രികളും സജ്ജമാകണമെന്ന് മന്ത്രി പറഞ്ഞു.
ജില്ലാ കളക്ടര്‍ എസ് സുഹാസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എം എ കുട്ടപ്പന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

അതേസമയം, കൊവിഡ് 19 വ്യാപനം തടയുന്നതിന് കര്‍ശന നിയന്ത്രണങ്ങളുമായി സംസ്ഥാനം മുന്നോട്ട് പോകുകയാണ്. കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം ഓഫീസില്‍ എത്തിയാല്‍ മതിയാകും. ഓഫീസില്‍ എത്താത്ത ദിവസങ്ങളില്‍ വീട്ടിലിരുന്ന് ജോലി ചെയ്യണം. മാര്‍ച്ച് 31 വരെ ശനിയാഴ്ചകള്‍ പൊതു അവധിയായി പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കില്ല. ദിവസം അന്‍പത് ശതമാനം ജീവനക്കാര്‍ മാത്രം സര്‍ക്കാര്‍ ഓഫീസില്‍ എത്തിയാല്‍ മതിയെന്നാണ് നിര്‍ദേശം. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

Story Highlights: coronavirus, Private hospitals ready to help, ernakulam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top