കൊവിഡ് 19: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലിക്ക് എത്തിയാല്‍ മതി

കൊവിഡ് 19 വ്യാപനം തടയുന്നതിന് കര്‍ശന നിയന്ത്രണങ്ങളുമായി സംസ്ഥാനം. കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം ഓഫീസില്‍ എത്തിയാല്‍ മതിയാകും. ഓഫീസില്‍ എത്താത്ത ദിവസങ്ങളില്‍ വീട്ടിലിരുന്ന് ജോലി ചെയ്യണം. മാര്‍ച്ച് 31 വരെ ശനിയാഴ്ചകള്‍ പൊതു അവധിയായി പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കില്ല. ദിവസം അന്‍പത് ശതമാനം ജീവനക്കാര്‍ മാത്രം സര്‍ക്കാര്‍ ഓഫീസില്‍ എത്തിയാല്‍ മതിയെന്നാണ് നിര്‍ദേശം. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക സമയത്തിലേക്കാണ് സംസ്ഥാനം കടക്കുന്നത്. ഇതിന്റെ ഭാഗമായാണ് തീരുമാനം. സാമൂഹ്യവ്യാപനം ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കാനാണ് തീരുമനം. അതേസമയം, കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി കേരള അതിര്‍ത്തി പ്രദേശത്തുള്ള എല്ലാ ചെക്ക് പോസ്റ്റുകളും അടച്ചിടണമെന്ന് കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. കേരളത്തില്‍നിന്ന് കോയമ്പത്തൂരിലേക്കും, കോയമ്പത്തൂരില്‍ നിന്ന് കേരളത്തിലേക്കും പോകുന്ന വാഹനങ്ങള്‍ തടയുമെന്നും കളക്ടര്‍ അറിയിച്ചു.
Story Highlights: Covid 19, coronavirus, State government employees
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here