വിപഞ്ചികയുടെ മരണം; കൊലപാതക സാധ്യത സംശയിച്ച് കുടുംബം, അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ

ഷാർജയിൽ മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണത്തിൽ കൊലപാതക സാധ്യത സംശയിച്ച് കുടുംബം. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നാണ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലെ ആവശ്യം. വിപഞ്ചിക നേരിട്ടത് ക്രൂര പീഡനമാണ്. വലിയ ദുരൂഹതയും അസ്വാഭാവികതയുമുണ്ട്.തെളിവുകൾ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. യുഎഇ അധികാരികളിൽ നിന്ന് ഔദ്യോഗിക വിവരങ്ങൾ ലഭിക്കുന്നില്ലെന്നും ഹർജിയിൽ പറയുന്നു. വിപഞ്ചികയുടെ അമ്മയുടെ സഹോദരിയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
അതിനിടെ ഭർതൃപീഡനത്തെ തുടർന്ന് ഷാർജയിൽ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് മാതാവ് ഷൈലജയ്ക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉറപ്പ് നൽകി. ഗുഡ് മോർണിങ് വിത്ത് ആർ ശ്രീകണ്ഠൻ നായർ ഷോയിലാണ് സുരേഷ് ഗോപി വിപഞ്ചികയുടെ മാതാവിന് ഉറപ്പ് നൽകിയത്. വിപഞ്ചികയുടെ മാതാവും സഹോദരനും ഷാർജയിൽ തുടരുകയാണ്. ഇന്ന് കോൺസൽ ജനറലുമായി കൂടിക്കാഴ്ച നടത്തും.
ഷാർജയിൽ വിപഞ്ചികയുടെ ഭർത്താവ് നിധീഷിനെതിരെ പോലീസിൽ പരാതി നൽകാനും തീരുമാനിച്ചിട്ടുണ്ട്. വിഷയത്തിൽ വിപഞ്ചികയുടെ അമ്മ ഷൈലജ കോൺസുലേറ്റിന്റെ അടിയന്തര ഇടപെടൽ തേടിയിരുന്നു. രണ്ടു മൃതദേഹങ്ങളും നാട്ടിൽ എത്തിക്കണമെന്നും ഷാർജയിലുള്ള ഷൈലജ പറഞ്ഞു.
Story Highlights : Family demands inquiry into Vipanchika, baby’s death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here