ജനകീയ കര്‍ഫ്യൂ: ഞായറാഴ്ച ബസുകള്‍ ഓടില്ല; പെട്രോള്‍ പമ്പുകളും തുറക്കില്ല

ജനകീയ കര്‍ഫ്യൂ പ്രഖ്യാപിച്ച ഞായറാഴ്ച ബസുകള്‍ ഓടിക്കില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റഴ്സ് അസോസിയേഷന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് 19 പശ്ചാത്തലത്തില്‍ ഞായറാഴ്ച ജനകീയ കര്‍ഫ്യൂ നടപ്പിലാക്കണമെന്ന് അറിയിച്ചിരുന്നു. ജനകീയ കര്‍ഫ്യൂവിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ് ബസുടമകള്‍ ബസുകള്‍ നിരത്തിലിറക്കില്ലെന്ന തീരുമാനത്തില്‍ എത്തിയിരിക്കുന്നത്.
കൊവിഡ് 19 എന്ന മഹാമാരിക്കെതിരെ ഞായറാഴ്ച രാവിലെ ഏഴ് മണി മുതല്‍ രാത്രി ഒന്‍പത് മണി വരെ പുറത്തിറങ്ങാതിരിക്കാനാണ് പ്രധാനമന്ത്രി ഇന്നലെ രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തിരിക്കുന്നത്. ജനതാ കര്‍ഫ്യൂവിനെ പിന്തുണച്ച് പമ്പുടമകളും രംഗത്ത് എത്തിയിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനം തടയാനായി സര്‍ക്കാര്‍ നിര്‍ദേശം പാലിക്കുമെന്ന് പെട്രോള്‍ പമ്പുടമകള്‍ പറഞ്ഞു. കോട്ടയം ജില്ലയിലെ പമ്പുകള്‍ അടച്ചിടുമെന്നാണ് പമ്പുടമകള്‍ വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം ജനകീയ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി കര്‍ഫ്യൂവിന് സംസ്ഥാന സര്‍ക്കാര്‍ മേല്‍നോട്ടം വഹിക്കണമെന്നും പറഞ്ഞിരുന്നു. കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ ദൗത്യസംഘത്തെ രൂപവത്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക മഹായുദ്ധത്തേക്കാള്‍ വലിയ പ്രതിസന്ധിയിലൂടെയാണ് ലോകം കടന്നു പോകുന്നതെന്നും രാജ്യം ഈ അവസ്ഥയെ കരുതലോടെ നേരിടണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ അവസരത്തില്‍ ജനങ്ങള്‍ പ്രതിജ്ഞാബന്ധരായിരിക്കണം. ഐസോലേഷനിലുള്ളവര്‍ ക്ഷമയോടെ അത് പാലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. വിവിധ വിഭാഗങ്ങളിലുള്ളവര്‍ വീട്ടിലിരുന്നു ജോലി ചെയ്യാന്‍ പരമാവധി ശ്രമിക്കണം. ഈ അവസരത്തില്‍ വേതനം കുറയ്ക്കുന്ന നടപടികള്‍ ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: coronavirus, Covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here