‘പൊതുദർശനം പാടില്ല, ഉടൻ സംസ്‌കരിക്കണം’; നിർഭയ പ്രതികളുടെ ബന്ധുക്കൾക്ക് കർശന നിർദേശം

മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് നിർഭയ പ്രതികളുടെ ബന്ധുക്കൾക്ക് പൊലീസിന്റെ കർശന നിർദേശം. മൃതദേഹം പൊതുദർശനത്തിന് വയ്ക്കുകയോ സംസ്‌കാരം വൈകിപ്പിക്കുകയോ ചെയ്യരുതെന്ന് പൊലീസ് നിർദേശിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം ഉച്ചയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നാണ് വിവരം.
പോസ്റ്റുമോർട്ടത്തിനായി മൃതദേഹങ്ങൾ തിഹാർ ജയിലിന് സമീപമുള്ള ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. രണ്ട് ആംബുലൻസുകളിലായാണ് മൃതദേഹങ്ങൾ കൊണ്ടുപോയത്. ആംബുലൻസിന് മുന്നിലും പിന്നിലുമായി സുരക്ഷ ഒരുക്കി പൊലീസും ഉണ്ടായിരുന്നു. പ്രതികളുടെ ബന്ധുക്കൾ ജയിൽ പരിസരത്ത് എത്തിയിരുന്നെങ്കിലും മൃതദേഹം കാണിക്കാൻ ജയിൽ അധികൃതർ തയ്യാറായില്ല. തുടർന്ന് ഇവർ ആശുപത്രി പരിസരത്തേയ്ക്ക് പോയി.
ഇന്ന് രാവിലെ 5.30 ഓടെയാണ് നിർഭയ കേസിലെ നാല് പ്രതികളെ തൂക്കിലേറ്റിയത്. പ്രതികളായ മുകേഷ് സിംഗ്, പവൻ ഗുപ്ത, വിനയ് ശർമ, അക്ഷയ് കുമാർ സിംഗ് എന്നിവരെയാണ് തൂക്കിലേറ്റിയത്. കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യം പോലും വകവയ്ക്കാതെ നിരവധി പേരാണ് നിർഭയ പ്രതികളെ തൂക്കിലേറ്റിയ തിഹാർ ജയിലിന് മുന്നിൽ തടിച്ചുകൂടിയത്. പ്രതികളെ തൂക്കിലേറ്റിയ വാർത്തയെത്തിയതോടെ ജനങ്ങൾ ആർപ്പുവിളിച്ചു. നീതി നടപ്പാക്കിയ നീതിപീഠത്തിന് ജനങ്ങൾ നന്ദി പറയുകയും ചെയ്തു. മകളുടെ ഘാതകരെ തൂക്കിലേറ്റിയതോടെ നീതി ലഭിച്ചുവെന്നായിരുന്നു നിർഭയയുടെ അമ്മ ആശാദേവിയുടെ പ്രതികരണം. ശിക്ഷ പാഠമാകണമെന്ന് നിർഭയയുടെ അച്ഛനും പ്രതികരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here