കൊവിഡ് 19: ആരോഗ്യപ്രവർത്തകർക്കായി ഹോട്ടലുകൾ തുറന്നു കൊടുത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസങ്ങൾ

കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്കായി തങ്ങളുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകൾ തുറന്നു കൊടുത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസങ്ങളായ ഗാരി നെവിലും റയാൻ ഗിഗ്സും. ‘ജിജി ഹോസ്പിറ്റാലിറ്റി’ എന്ന ബ്രാൻഡിനു കീഴിൽ മാഞ്ചസ്റ്ററിലുള്ള രണ്ടു ഹോട്ടലുകളാണ് ആരോഗ്യപ്രവർത്തർക്കായി തുറന്നു കൊടുത്തത്. ഹോട്ടലിലെ ബുക്കിംഗ് പൂർണമായി നിർത്തിവച്ചിരിക്കുകയാണ്.
കൊവിഡ് 19 വൈറസ് ബാധക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്ന നാഷനൽ ഹെൽത്ത് സർവീസിലെ (എൻഎച്ച്എസ്) ഡോക്ടർമാർക്കും നഴ്സുമാർക്കുമായാണ് ഇവർ ഹോട്ടലുകൾ വിട്ടുകൊടുത്തത്. ലോക വ്യാപകമായി എല്ലാവരും സഹകരിക്കേണ്ട സാഹചര്യമാണിതെന്ന് ഹോട്ടൽ സഹ ഉടമ ഗാരി നെവിൽ ഹോട്ടലിൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ പറഞ്ഞു.
യുണൈറ്റഡിൽ സഹതാരങ്ങളായിരുന്ന ഗിഗ്സിനും നെവിലിനുമൊപ്പം സിംഗപ്പൂർ വ്യവസായിയായ പീറ്റർ ലിമിന്റെ കൂടി ഉടമസ്ഥതയിലുള്ളതാണ് ജിജി ഹോസ്പിറ്റാലിറ്റി. ഈ ബ്രാൻഡിനു കീഴിൽ മാഞ്ചസ്റ്ററിലെ സ്റ്റോക്ക് എക്സ്ചേഞ്ച് ഹോട്ടൽ, ഓൾഡ് ട്രാഫോർഡിലെ ഹോട്ടൽ ഫുട്ബോൾ എന്നിവകളാണ് ഇവർ ആരോഗ്യപ്രവർത്തകർക്കായി തുറന്നു നൽകിയത്. ആരോഗ്യ വിഭാഗവുമായി നടത്തിയ ചർച്ചകൾക്ക് ശേഷമായിരുന്നു തീരുമാനം. വൈറസ് ബാധിതരെ ചികിത്സിക്കുന്നവർ എന്ന നിലയിൽ സ്വയം ഐസൊലേഷനും ക്വാറൻ്റീനും ആവശ്യമുള്ളവർക്കാണ് ഇവിടെ സൗജന്യ താമസം ലഭിക്കുക. ഹോട്ടൽ ജീവനക്കാർ ഇവിടെ ജോലിയിലുണ്ടാവും. ഇവരുടെ സേവനം ആരോഗ്യ പ്രവർത്തകർക്ക് ലഭിക്കുകയും ചെയ്യും.
നേരത്തെ, കൊവിഡ് 19നെതിരെ പൊരുതുന്ന ആരോഗ്യ പ്രവർത്തകർക്കായി ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ് ചെൽസിയും സൗജന്യമായി ഹോട്ടൽ വിട്ടുകൊടുത്തിരുന്നു. ലണ്ടനിലെ സ്റ്റാംഫഡ്ബ്രിജ് സ്റ്റേഡിയത്തിനു സമീപമുള്ള ഹോട്ടൽ, ക്ലബ് ഉടമ റോമൻ അബ്രമോവിച്ച് രണ്ട് മാസത്തേക്കാണ് വിട്ടുനൽകിയത്.
Story Highlights: Gary Neville and ryan giggs opens hotels for free to medical staff fighting coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here