Advertisement

കേരള പൊലീസിന്റെ കൈ കഴുകൽ വീഡിയോ; അഭിനന്ദനവുമായി അന്താരാഷ്ട്ര മാധ്യമങ്ങൾ

March 20, 2020
Google News 3 minutes Read

സംസ്ഥാന സർക്കാരിൻ്റെ ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ്റെ ഭാഗമായി കേരള പൊലീസ് അവതരിപ്പിച്ച കൈ കഴുകൽ വീഡിയോക്ക് അഭിനന്ദനവുമായി അന്താരാഷ്ട്ര മാധ്യമങ്ങൾ. ബിബിസി, ഫോക്‌സ് ന്യൂസ് 5, സൗത്ത് ചൈനാ മോണിങ് പോസ്റ്റ്, സ്‌കൈന്യൂസ് തുടങ്ങിയ രാജ്യാന്തര മാധ്യമങ്ങളിലാണ് കേരള പൊലീസിന്റെ ബ്രേക്ക് ദ ചെയിന്‍ വീഡിയോ വാർത്തയായത്. കൊവിഡ് 19 തടയാൻ കേരള സർക്കാർ കൈക്കൊണ്ട നടപടികളെയും മാധ്യമങ്ങൾ അഭിനന്ദിക്കുന്നു.

കഴിഞ്ഞ ദിവസമാണ് കേരള പൊലീസ് കൈ കഴുകൽ വീഡിയോ പങ്കുവച്ചത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പാട്ടിൻ്റെ പശ്ചാത്തലത്തിൽ, നൃത്തച്ചുവടുകളോടെ പങ്കുവച്ച ബോധവത്കരണ വീഡിയോ വളരെ വേഗം വൈറലായി. ശാസ്ത്രീയമായി എങ്ങനെ കൈ കഴുകണമെന്നായിരുന്നു വീഡിയോയിലൂടെ പൊലീസ് അവതരിപ്പിച്ചത്. കൈകള്‍ കഴുകേണ്ട രീതിയും മാസ്‌ക് ധരിക്കേണ്ട രീതിയുമെല്ലാം ഡാന്‍സിലൂടെ അവതരിപ്പിച്ചു. രതീഷ് ചന്ദ്രന്‍, ഷിഫിന്‍ സി രാജ്, അനൂപ് കൃഷ്ണ, ജഗദ് ചന്ദ് ബി, രാജീവ് സിപി, ഹരിപ്രസാദ് എംവി എന്നീ പൊലീസ് ഉദ്യോഗസ്ഥരായിരുന്നു വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. കേരള പൊലീസ് മീഡിയ സെന്ററിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വീഡിയോ പങ്കുവച്ചത്. ഹേമന്ത് ആര്‍ നായര്‍ ആണ് ക്യാമറയും എഡിറ്റിംഗും. സ്റ്റേറ്റ് പൊലീസ് മീഡിയാ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വി പി പ്രമോദ് കുമാറാണ് ഏകോപനം.

അതേ സമയം, സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതോടെ 28 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. അതില്‍ മൂന്ന് പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. നിലവില്‍ 25 പേരാണ് രോഗം സ്ഥിരീകരിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

Story Highlights: Kerala police break the chain viral video international medias report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here