കൊവിഡ് 19: സംസ്ഥാനത്ത് മസ്ജിദുകളിലെ കൂട്ടനമസ്കാരം നിർത്തി

കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പലയിടങ്ങളിലും മസ്ജിദുകളിലെ കൂട്ടനമസ്കാരം നിർത്തി. മസ്ജിദിലെ ഉച്ചഭാഷിണികളിൽ മുഴങ്ങുന്ന ബാങ്ക് വിളിയുടെ അടിസ്ഥാനത്തിൽ ഇനി നമസ്കാരം വീട്ടിൽ നിർവഹിച്ചാൽ മതി എന്ന അറിയിപ്പ് കൂടിയുണ്ടാകും.

സംസ്ഥാനത്ത് കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ രോഗത്തെ പ്രതിരോധിക്കാനുള്ള നടപടികളാണ് മസ്ജിദുകളിലെങ്ങും.
നെടുമ്പാശേരി പറമ്പയം പുതുവാശേരി ജുഅ മസ്ജിദിൽ ഇന്ന് പുലർച്ചെ മുതൽ കൂട്ട നമസ്കാരം നിർത്തി. വിമാനത്താവളത്തിന്റെ സാമീപ്യം മൂലം അപരിചിതർ നമസ്കാരത്തിനെത്തുന്ന മസ്ജിദ് ആണിത്. ഉച്ചഭാഷിണികളിൽ മുഴങ്ങുന്ന ബാങ്ക് വിളിക്ക് ശേഷം ഇനി നമസ്കാരം വീട്ടിൽ നിർവഹിച്ചാൽ മതി എന്ന അറിയിപ്പും ഉണ്ട്. പള്ളികളിൽ ഇമാമും ജീവനക്കാരും മാത്രമാണ് നമസ്കാരത്തിനെത്തുക. രോഗബാധ പടരാൻ സാഹചര്യമുള്ളതിനാൽ സംസ്ഥാനത്തെ പള്ളികളിൽ നിന്ന് കാർപെറ്റുകൾ മാറ്റി തുടങ്ങി.

പകർച്ച വ്യാധികൾ പടരുമ്പോൾ പ്രവാചകൻ ഗൃഹ നമസ്കാരം അനുവർത്തിച്ചിരുന്നുവെന്ന് പണ്ഡിതർ ചൂണ്ടിക്കാട്ടുന്നു. നമസ്കാരത്തിനെത്തുന്ന ജനങ്ങളുടെ സുരക്ഷയെ കരുതി നാളത്തെ ജുമുഅ നമസ്കാരത്തോടെ കൂടുതൽ പള്ളികൾ അടച്ചിടാൻ മഹല്ല് സംഘടനകളുടെ നിർദ്ദേശമുണ്ട്.

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതോടെ 28 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. അതില്‍ മൂന്ന് പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. നിലവില്‍ 25 പേരാണ് രോഗം സ്ഥിരീകരിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

വിവിധ ജില്ലകളിലായി 31,173 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 30,936 പേര്‍ വീടുകളിലും 237 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 64 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 6103 പേരെ ഇന്ന് നിരീക്ഷണത്തിലാക്കി. 5155 പേരെയാണ് ഇന്ന് നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയത്. രോഗലക്ഷണങ്ങള്‍ ഉള്ള 2921 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 2342 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

Story Highlights: Mosques stopped prayer

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top