കൊവിഡ് 19: കാസർഗോഡ് സ്വദേശിയുടെ കള്ളക്കടത്ത് ബന്ധം സ്ഥിരീകരിച്ച് കസ്റ്റംസ്

കൊവിഡ് 19 സ്ഥിരീകരിച്ച കാസർഗോഡ് സ്വദേശിയുടെ കള്ളക്കടത്ത് ബന്ധം സ്ഥിരീകരിച്ച് കസ്റ്റംസ്. ഐസൊലേഷൻ കാലാവധി കഴിഞ്ഞാൽ ഉടൻ ഇയാളെ ചോദ്യം ചെയ്യും. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ മുന്നിൽ ഇയാൾ ഹാജരാകണം. ഇയാൾക്കെതിരെ ചില തെളിവുകൾ ലഭിച്ചതായി കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ സൂചന നൽകി.

കാസർഗോഡ് സ്വദേശിക്ക് സ്വർണ കടത്തുമായി ബന്ധമുണ്ടെന്നാണ് കസ്റ്റംസ് നൽകുന്ന വിവരം. രോഗത്തിൽ നിന്ന് മുക്തി നേടുന്ന മുറയ്ക്ക് ഇയാളെ ഡിആർഐ വിശദമായി ചോദ്യം ചെയ്യുമെന്നാണ് കസ്റ്റംസ് കമ്മീഷണർ പറഞ്ഞത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആളുകളുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് വിശ്വസിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് തെളിവുകളും ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ഇയാളെ ചോദ്യം ചെയ്യുകയെന്നും കസ്റ്റംസ് കമ്മീഷണർ വ്യക്തമാക്കി.

അതേസമയം, ഇയാളുടെ ഭാഗിക റൂട്ട് മാപ്പ് പുറത്തുവിട്ടു. ഇയാൾ കണ്ണൂർ എത്തിയതായി റൂട്ട് മാപ്പിൽ സ്ഥിരീകരണമില്ല. രോഗി കല്ല്യാണത്തിനും ജുമാ നമസ്‌കാരത്തിലും പങ്കെടുത്തതായി റൂട്ട് മാപ്പിൽ വ്യക്തമായിട്ടുണ്ട്. രോഗിയിൽ നിന്ന് പൂർണമായും വിവരങ്ങൾ ലഭിച്ചിട്ടില്ല. യാത്രാ വിവരങ്ങൾ പുറത്തുപറയാൻ ഇയാൾ തയ്യാറാകുന്നില്ല എന്നാണ് ലഭിക്കുന്ന സൂചന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top