കൊവിഡ് 19; മദ്യത്തിന് പകരം സാനിറ്റൈസറുകൾ നിർമിച്ച് യൂറോപ്യൻ മദ്യക്കമ്പനികൾ

കൊറോണ ലോകത്ത് ആകെ വ്യാപിച്ചിരിക്കുകയാണ്. ചൈനയ്ക്ക് ശേഷം യൂറോപ്പിലാണ് കൊവിഡ് കേസുകൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതിനിടെ യൂറോപ്യൻ മദ്യക്കമ്പനികൾ വ്യത്യസ്തമായ നീക്കവുമായി മുന്നോട്ട് വന്നിരിക്കുകയാണ്. മദ്യത്തിന് പകരം സാനിറ്റൈസറുകളാണ് കമ്പനികൾ നിർമിക്കുന്നത്. കൈകൾ വൃത്തിയാക്കാൻ സാനിറ്റൈസറുകളുടെ ആവശ്യം വർധിക്കുകയും എന്നാൽ വിപണിയിലത് ലഭ്യമല്ലാതാകുകയും ചെയ്തതോടെയാണ് കമ്പനികൾ ഇത്തരത്തിൽ തീരുമാനമെടുത്തത്.
സിഎൻഎൻ റിപ്പോർട്ട് ചെയ്തത് അനുസരിച്ച് ബ്ര്യൂഡോഗ്, ലെയ്ത്ത് ജിൻ, വെർഡന്റ് സ്പിരിറ്റ്സ്, പെർനോഡ് റിക്കാർഡ് തുടങ്ങിയ മദ്യനിർമാണക്കമ്പനികൾ ഹാൻഡ് സാനിറ്റൈസറുകളുടെ നിർമാണം വൻതോതിൽ നടത്തുന്നുണ്ട്. സ്‌കോട്ട്ലന്റിലെ തങ്ങളുടെ ബ്രൂവറിയിൽ സാനിറ്റൈസർ നിർമാണം ആരംഭിച്ചതായി ബ്ര്യൂഡോഗ് കഴിഞ്ഞദിവസം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചിരുന്നു. വൈറസ് ബാധയിൽ നിന്ന് കഴിയുന്നത്ര ജനങ്ങളെ സുരക്ഷിതരാക്കാനുള്ള ശ്രമമാണ് തങ്ങൾ നടത്തുന്നതെന്നും കമ്പനി. മറ്റൊരു സ്‌കോട്ട്ലന്റ് കമ്പനിയായ ലെയ്ത്ത് ജിൻ മദ്യനിർമാണം നിർത്തി. പിന്നീട് അവർ ശക്തിയേറിയ ഹാൻഡ് സാനിറ്റൈസറുകളുടെ നിർമാണത്തിലേക്ക് കടക്കുകയും ചെയ്തു. ട്വിറ്ററിലൂടെയാണ് ഇക്കാര്യം കമ്പനി അറിയിച്ചത്. സാനിറ്റൈസറുകൾക്കുള്ള കുപ്പികൾ നൽകാനും കമ്പനി പൊതുജനങ്ങളോട് അഭ്യർഥിച്ചു. ഫ്രാൻസിലെ പെർനോഡ് റിക്കാർഡ് എന്ന കമ്പനി സാനിറ്റൈസർ നിർമാണത്തിനായി 70,000 ലിറ്റർ ആൽക്കഹോൾ നൽകിയിരുന്നു.
സൗന്ദര്യവർധക വസ്തുക്കളുടെ കമ്പനികളും ശുചീകരണത്തിനാവശ്യമായ വസ്തുക്കളുടെ നിർമാണത്തിലേക്ക് കടന്നിട്ടുള്ളതായാണ് വിവരം. ഫ്രഞ്ച് കമ്പനിയായ എൽവിഎംഎച്ച് ഹൈഡ്രോക്ലോറിക് ജെൽ നിർമാണത്തിലേയ്ക്ക് കടന്നതായി പ്രഖ്യാപനം നടത്തിയിരുന്നു. പെർഫ്യൂമുകളും മേക്ക് അപ് വസ്തുക്കളും നിർമിക്കുന്ന ക്രിസ്റ്റ്യൻ ഡോയർ ജിവെൻചി തുടങ്ങിയ കമ്പനികളും സാനിറ്റൈസർ നിർമിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇത് സൗജന്യമായി ഫ്രാൻസിലെ ആരോഗ്യവകുപ്പിന് കൈമാറുമെന്നാണ് വിവരം.
Story highlight: manufacture sanitizers, alcohol
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here