കൊറോണ വൈറസ് വ്യാപനം തടയാൻ കാസർഗോഡ് ജില്ലയിൽ കർശന നിയന്ത്രണം

കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ കാസർഗോഡ് ജില്ലയിൽ കർശന നിയന്ത്രണങ്ങൾ നിലവിൽ വന്നു. നിയന്ത്രണം ലംഘിച്ച് തുറന്ന കടകൾ ജില്ലാ കളക്ടർ നേരിട്ടെത്തി അടപ്പിച്ചു. 11 പേർക്കെതിരെ പൊലീസ് കേസെടുത്തു. എട്ട് ആരാധനാലയങ്ങൾക്കെതിരെയും കേസെടുത്തു.
ഇന്നലെ ആറ് പേർക്ക് കൂടി പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് കാസർഗോഡ് ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ചീഫ് സെക്രട്ടറി ഉത്തരവിട്ടത്. അർധരാത്രി മുതൽ ഇത് പ്രാബല്യത്തിൽ വരികയും ചെയ്തു. രാവിലെ 11 മുതൽ വൈകിട്ട് അഞ്ച് മണി വരെ മാത്രമാണ് കടകൾക്ക് തുറന്നു പ്രവർത്തിക്കാൻ അനുവദിച്ച സമയം. എന്നാൽ നിയന്ത്രണം ലംഘിച്ച് കടകൾ തുറന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ജില്ലാ കളക്ടർ ഡി സജിത്ത് ബാബു നേരിട്ടെത്തി കടകൾ അടപ്പിച്ചു. നിയമ ലംഘനം നടത്തിയ 11 പേർക്കെതിരെ കേസെടുക്കുകയും ചെയ്തു.
മുഴുവൻ ബാർബർ ഷോപ്പുകളും രണ്ടാഴ്ചത്തേക്ക് അടച്ചിടാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി. ജില്ലയിലെ സർക്കാർ സ്ഥാപനങ്ങളും പൊതു സ്വകാര്യ സ്ഥാപനങ്ങളും ഒരാഴ്ച പ്രവർത്തിക്കില്ല. ആരാധനാലയങ്ങളിലും ക്ലബ്ബുകളിലും മറ്റ് പൊതുഇടങ്ങളിലും രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം. ജില്ലാ അതിർത്തികളിൽ ആരോഗ്യ വകുപ്പും പൊലീസും വാഹന പരിശോധന കർശനമാക്കിയിട്ടുണ്ട്. കർശന നിയന്ത്രണങ്ങൾ പൊതുജനങ്ങളിൽ ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും വൈറസിന്റെ സമൂഹ വ്യാപനം തടയാൻ സ്വയം കരുതലേർപ്പെടുത്തുന്നതാണ് നല്ലത്.
Story highlight: Strict control in Kasaragod district ,for prevention of coronavirus outbreak
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here