കൊവിഡ് 19 : അപകട സാധ്യതയുള്ളവരിൽ ചെറുപ്പക്കാരും ഉൾപ്പെടുമെന്ന് ലോകാരോഗ്യ സംഘടന

ചെറുപ്പക്കാർ കൊവിഡിന് അതീതരാണെന്ന ധാരണ തിരുത്തണമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്‌റസ് അഥാനോം. പ്രായമായവരെയാണ് ഏറ്റവും കൂടുതൽ രോഗം ബാധിക്കുന്നത് എന്ന് കരുതി ചെറുപ്പക്കാർക്ക് രോഗം പിടിപെടില്ലെന്ന് പറയാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അൻപത് വയസിന് താഴെയുള്ള നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും ടെഡ്‌റസ് അഥാനോം അറിയിച്ചു.
ലോകത്തെയാകെ ഭീതിയിലാഴ്ത്തി പകർന്നുകൊണ്ടിരിക്കുന്ന കൊവിഡ് 19 എന്ന മഹാമാരി പ്രായമായവരെയും അസുഖബാധിതരായി കിടപ്പിലായവരെയുമാണ് ബാധിക്കുന്നതെന്നാണ് ഇതുവരെ വന്ന റിപ്പോർട്ടുകൾ. എന്നാൽ ഈ ധാരണ തിരുത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന. ‘ഇന്നെനിക്ക് ചെറുപ്പക്കാർക്ക് ഒരു സന്ദേശം നൽകാനുണ്ട്്. നിങ്ങളാരും ഇതിന് അതീതരല്ല. ഈ വൈറസിന് നിങ്ങളെ ആശുപത്രിയിൽ ആഴ്ചകളോളം തളച്ചിടാനാകും, എന്തിന് നിങ്ങളുടെ മരണത്തിന് വരെ കാരണമാകും’-ടെഡ്‌റസ് അഥാനോം മുന്നറിയിപ്പ് നൽകി. കൊറോണ വൈറസ് തന്നെ പിടികൂടുകയോ തന്നിലൂടെ ആർക്കും പകരുകയോ ഇല്ലെന്ന് വിചാരിക്കുന്നവരുടേത് മിഥ്യാധാരണയാണെന്ന് അദ്ദേഹം പറഞ്ഞു.
സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ നിന്ന് പുറത്തുവരുന്ന പുതിയ കണക്കുകൾ ഇത് സാധൂകരിക്കുന്നു. അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 30 ശതമാനവും 20 മുതൽ 44 വയസ്സിന് ഇടയിലുള്ളവരാണ്. ഇതിൽ 20 ശതമാനത്തോളം ആളുകൾ ആശുപത്രിയിൽ ചികിത്സയിലാണ്. 12 ശതമാനം തീവ്രപരിചരണ വിഭാഗത്തിലും. ഫ്രാൻസിലാകട്ടെ രോഗം ബാധിച്ച 50 ശതമാനത്തോളം പേരും 60 വയസിൽ താഴെയുള്ളവരാണ്.
Story Highlights- coronavirus, WHO
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here