ഇന്ത്യയിൽ ഒരു കൊവിഡ് മരണം കൂടി; മരിച്ചവരുടെ എണ്ണം അഞ്ചായി

രാജ്യത്ത് വീണ്ടും കൊവിഡ് മരണം. മഹാരാഷ്ട്രയിലാണ് മരണം സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.
മഹാരാഷ്ട്രയിലെ മുംബൈയിലാണ് അഞ്ചാമത്തെ മരണം സ്ഥിരീകരിച്ചത്. എച്ച്. എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ ഇന്നലെ രാത്രി 11.03 ഓടെയാണ് മരണം സംഭവിച്ചത്. 63 കാരനാണ് മരിച്ചത്. രോഗിക്ക് കടുത്ത പ്രമേഹവും രക്തസമ്മർദവും ഉണ്ടായിരുന്നു. മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ മരണം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കൊവിഡ് 19 മരണമാണിത്. ഇന്ത്യയിൽ ഏറ്റവും അധികം കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നതും മഹാരാഷ്ട്രയിലാണ്.
കർണാടകയിലാണ് രാജ്യത്തെ ആദ്യത്തെ കൊവിഡ് മരണം സ്ഥിരീകരിച്ചത്. തുടർന്ന് ഡൽഹിയിലും പഞ്ചാബിലും മഹാരാഷ്ട്രയിലും മരണം സ്ഥിരീകരിച്ചു. അതേസമയം, ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിമൂവായിരം കടന്നു. ഏറ്റവും അധികം മരണം റിപ്പോർട്ട് ചെയ്തത് ഇറ്റലിയിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here